അഞ്ച് വയസ്സുകാരിയുടെ ചുണ്ട് തെരുവുനായ കടിച്ചുപറിച്ചു
മുള്ളേരിയയിലും ചീമേനിയിലും തെരുവുനായകളുടെ കടിയേറ്റ് രണ്ട് പിഞ്ചുകുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്. മുള്ളേരിയയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസ്സുകാരിക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ സാരമായി പരിക്കറ്റത്.
ആലന്തടുക്ക ജയനഗറിലെ രമേശന്റെയും സുനിതയുടെയും മകൾ കൃതികക്കാണ് നായയുടെ കടിയേറ്റത്. തിങ്കൾ വൈകിട്ട് അങ്കണവാടിയിൽനിന്ന് സഹോദരിയോടൊപ്പം വീട്ടിലേക്ക് വന്ന കൃതിക വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു. വൈകിട്ട് അഞ്ചോടെ അച്ഛനും അമ്മയും വീട്ടിലെത്തിയതോടെ ബൈക്കിന്റെ അരികിലേക്ക് വരുന്നതിനിടിയിലാണ് ആക്രമണം. കൃതികയുടെ ചുണ്ട് തെരുവുനായ കടിച്ചുപറിച്ചു.
ആദ്യം കാസർകോട്ടും പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലുമെത്തിച്ചു. മൂക്കിന് താഴ്ഭാഗത്തെ ചൂണ്ട് പൂർണമായും പറിഞ്ഞു തൂങ്ങിയ നിലയിലാണ് . മുള്ളേരിയ ജയനഗർ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
ചീമേനിയിൽ പിഞ്ചുകുട്ടിയുൾപെടെ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. ചീമേനി എൻജിനിയറിങ്ങ് കോളേജ് വിദ്യാർഥി അമൃത (21), കയ്യൂരിലെ മനോജ് (46), ഞണ്ടാടിയിലെ രാജേശ്വരി (57), ചീമേനിയിലെ ബിജുവിന്റെ മൂന്നുവയസ്സുള്ള കുട്ടി സാത്വിക് എന്നിവർക്കാണ് കടിയേറ്റത്. കടിയേറ്റവർ കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും ചികിത്സ തേടി.
വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മൂന്നു വയസുകാരന് കടിയേറ്റത്. കോളേജിൽ പോകുന്നതിനിടെയാണ് അമൃതക്ക് കടിയേറ്റത്. ചീമേനി ടൗണിലെത്തിയപ്പോഴായിരുന്നു മറ്റു രണ്ടുപേർക്ക് കടിയേറ്റത്. തെരുവ് നായ്ക്കളുടെ ശല്യം തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
No comments
Post a Comment