Header Ads

  • Breaking News

    സഹകരണ മേഖലയിൽ ആദ്യം ബക്കളത്ത് വാഹന ചാർജിങ്ങിന്‌ സ്റ്റേഷൻ ഒരുങ്ങി


    പാപ്പിനിശേരി : സഹകരണ മേഖലയിൽ സംസ്ഥാനത്തെ ആദ്യ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ പാപ്പിനിശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് സജ്ജമാക്കി. ബക്കളം ഈവനിങ് ബ്രാഞ്ച് പരിസരത്ത് വ്യാഴാഴ്‌ച രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ്‌ ഇ. മോഹനൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

    അനർട്ടിന്റെ അനുമതിയോടെ കൊളംബിയർ ലാബ് എന്ന സ്ഥാപനം വഴി സോളാർ പാനൽ സ്ഥാപിച്ചാണ് ചാർജിങ് സ്റ്റേഷൻ ആരംഭിക്കുന്നത്. ഒരു ദിവസം 120 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. സോളാർ പാനലിന് 22 ലക്ഷം രൂപയാണ് ചെലവ്. ആറ് ലക്ഷം രൂപ കേന്ദ്രസർക്കാർ സബ്സിഡിയാണ്. ചാർജിങ് സ്റ്റേഷൻ സജ്ജമാക്കാൻ 847000 രൂപ ചെലവുണ്ട്. ഒരു ലക്ഷത്തി അമ്പതിനായിരം രൂപ സംസ്ഥാന സർക്കാർ സബ്സിഡിയാണ്. കൂടാതെ ബാങ്കിന്റെ നാല് ബ്രാഞ്ചുകളുടെ വൈദ്യുതിചാർജും ഇതിൽനിന്ന് അടയ്‌ക്കാം. സംസ്ഥാന ഗവൺമെന്റിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി സഹകരണ വകുപ്പ് സഹകരണ ജ്യോതി എന്ന പേരിൽ വീടുകളിലും സ്ഥാപനങ്ങളിലും സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദനത്തിന് വഴിയൊരുക്കുന്നുണ്ട്. വൈദ്യുതി ചെലവ് കുറക്കുന്നതിനും പാരമ്പര്യേതര ഊർജ സ്രോതസ്സുകൾ ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. പ്രാഥമിക സഹകരണ സംഘങ്ങൾ വായ്പ നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. പാനൽ സ്ഥാപിക്കാൻ ഒമ്പത് ശതമാനം പലിശയിൽ വായ്പയും നൽകും.
     
    വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ധർമശാലയിൽ സി.ഡി.എ സംവിധാനവും എ.ടി.എമ്മും ആരംഭിക്കും. വാർത്താസമ്മേളനത്തിൽ സെക്രട്ടറി കെ. അംബുജാക്ഷി, അസി. സെക്രട്ടറി എം.വി. സുനിൽ, കെ.വി. നാരായണൻ, കെ.വി. ബാലകൃഷ്ണൻ, ടി. വേണുഗോപാലൻ, ഇ. പവിത്രൻ എന്നിവരും സംബന്ധിച്ചു.
     

    No comments

    Post Top Ad

    Post Bottom Ad