വേനൽ കടുക്കുന്നതോടൊപ്പം വൈദ്യുതി ഉപയോഗം കുത്തനെ കൂടുന്നു
കണ്ണൂർ: കടുത്ത ചൂടിൽ വൈദ്യുതി ഉപയോഗം കുത്തനെ കൂടി. സബ്‌സ്റ്റേഷനുകളിലെ ലോഡിൽ വൻ വർധന. കേരളത്തിൽ മാർച്ച് 14-ന് 4494 മെഗാവാട്ട് രേഖപ്പെടുത്തി. സമീപ കാലത്തെ ഏറ്റവും വലിയ വർധനയാണിത്. വൈദ്യുതി ഉപയോഗം കൂടിയത് രാത്രി 10 മുതൽ 12 വരെയാണ്. വൈദ്യുതി ആവശ്യകത ഏറിയ സമയം (പീക്ക് ടൈം) വൈകിട്ട് മുതൽ തുടങ്ങി കഴിഞ്ഞു. ഗ്രാമങ്ങളിലെ 11 കെ.വി. ഫീഡറുകളിലും ലോഡ് കൂടാൻ തുടങ്ങി. പകൽ 70-80 ആംപിയർ ലോഡ് രേഖപ്പെടുത്തുമ്പോൾ രാത്രി 140-160 ആംപിയർ കടന്നു. ചൂട് കനത്തപ്പോൾ എ.സി ഉപയോഗം വർധിച്ചു.
എ.സിയും ഫാനും കൂടുതൽ പ്രവർത്തിക്കുന്നത് കുറയ്ക്കാനാവില്ല. ഇവ ആവശ്യത്തിന് ഉപയോഗിക്കുക എന്ന് മാത്രമാണ് വൈദ്യുതി വകുപ്പിന് നിർദേശിക്കാനുള്ളത്. എ.സി പ്രവർത്തിക്കുമ്പോൾ ഊഷ്മാവ് ക്രമീകരിക്കാൻ തെർമോസ്റ്റാറ്റ് സെറ്റ് ചെയ്യുക, ടൈമർ ഉപയോഗിച്ച് ഉപയോഗ സമയം കുറയ്ക്കുക തുടങ്ങിയവ പ്രധാന നിർദേശങ്ങളാണ്
കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി പ്രസരണം ചെയ്യുന്ന കാഞ്ഞിരോട് 220 കെ.വി സബ്സ്റ്റേഷനിൽ മാർച്ച് 17-ന് 349 മെഗാവാട്ട് രേഖപ്പെടുത്തി. സമീപ കാലത്തെ റെക്കോഡ് ഉപയോഗമാണിത്. രാത്രി 11-ന് 318 മെഗാവാട്ടും വൈകിട്ട് അഞ്ചിന് 278-ഉം രേഖപ്പെടുത്തി. നിലവിൽ രാത്രി 10-നും 11-നും ഇടയിലാണ് ഏറ്റവും കൂടുതൽ ഉപയോഗം. കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് വൻ വർധന രേഖപ്പെടുത്തിയത് -362 മെഗാവാട്ട്. 2020, 2021 വർഷങ്ങളിൽ ഈ സമയങ്ങളിൽ ശരാശരി 313 മെഗാവാട്ട് ആയിരുന്നു
No comments
Post a Comment