Header Ads

  • Breaking News

    സൂറത്ത് കോടതി വിധിയിൽ രാഹുലിന്റെ അപ്പീൽ രണ്ട് ദിവസത്തിൽ; ഭിന്നത മറന്നൊന്നിച്ച പ്രതിപക്ഷം ബിജെപിക്ക് തിരിച്ചടി





    ദില്ലി : അയോഗ്യനാക്കിയ സൂറത്ത് കോടതി വിധിക്കെതിരെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കും. ലോക് സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ തിങ്കളാഴ്ച മുതല്‍ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കും. രാഹുലിനെതിരെ അടുത്ത ആറ് മുതല്‍ ബിജെപിയും മറു പ്രചാരണം തുടങ്ങും. 

    രാഹുല്‍ ഗാന്ധിയുടെ വയനാട് എംപി സ്ഥാനം നഷ്ടപ്പെടുത്തിയ നടപടിയെ നിയമപരമായും, രാഷ്ട്രീയമായും നേരിടാന്‍ കോണ്‍ഗ്രസ്. സൂറത്ത് സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ അപ്പീല്‍ നല്‍കും. ബുധാനാഴ്ചക്കപ്പുറം നടപടികള്‍ നീളില്ലെന്നാണ് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിധിയിലേക്കെത്തിയ കോടതി നടപടികളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാകും ഹര്‍ജി. 

    ഹര്‍ജി ഫയല്‍ ചെയ്ത ശേഷം ജഡ്ജിമാര്‍ പല കുറി മാറി. വിചാരണകോടതി നടപടികള്‍ ഹൈക്കോടതിയെ സമീപിച്ച് മരവിപ്പിച്ച പരാതിക്കാരന്‍ പുതിയ ജഡ്ജി വന്നതോടെ കേസിന്‍റെ സ്റ്റേ നീക്കി. വിലക്കയറ്റത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ വിശാല പരാര്‍ശമാണ് നടത്തിയത്. ആരേയും വ്യക്തിപരമായോ, സാമുദായികമായോ അപകീര്‍ത്തിപ്പെടുത്തക ലക്ഷ്യമല്ലായിരുന്നു. പ്രസംഗത്തില്‍ സൂചിപ്പിച്ച വ്യക്തികളാരും കോടതിയെ സമീപിച്ചിട്ടില്ല. രാഷ്ട്രീയ പ്രേരിതമാണ് ഇടപെടലുകളെന്ന വാദം സെഷന്‍സ് കോടതിയില്‍ ഉന്നയിച്ച് കുറ്റവും ശിക്ഷയും റദ്ദാക്കണമെന്ന് ആവശ്യപ്പെടും.

    പാര്‍ലമെന്‍റ് സമ്മേളനം അടുത്ത ആഴ്ച അനിശ്ചിത കാലത്തേക്ക് പിരിയാന്‍ സാധ്യതയുള്ളതിനാല്‍ ദില്ലിയിലും സംസ്ഥാനങ്ങളിലും ഒരു പോലെ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച പ്രതിപക്ഷ കക്ഷികളേയും പ്രതിഷേധത്തിന്‍റെ ഭാഗമാകാന്‍ കോണ്‍ഗ്രസ് ക്ഷണിക്കും.

    അതേ സമയം അയോഗ്യതയില്‍ ഭിന്നത മറന്ന് പ്രതിപക്ഷം ഒന്നിച്ചത് ബിജെപിക്ക് തിരിച്ചടിയായി. അദാനി വിഷയത്തിലടക്കമുണ്ടായ ഭിന്നത മുതലാക്കുന്നതിനിടെ രാഹുലിനെതിരായ നടപടിയുടെ വേഗം കൂട്ടി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ചതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. ഇതിനെയെല്ലാം മറികടക്കാനായി രാഹുല്‍ ഒബിസി വിഭാഗങ്ങളെ അപമാനിച്ചുവെന്ന പ്രചാരണം അടുത്ത ആറ് മുതല്‍ പതിനാല് വരെ രാജ്യവ്യാപകമായി നടത്താനാണ് തീരുമാനം. തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണ്ണാടക, രാജസ്ഥാന്‍, ഛത്തീസ് ഘട്ട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ നേരിട്ടെത്തി നേതൃത്വം നല്‍കും.


    No comments

    Post Top Ad

    Post Bottom Ad