തലശ്ശേരി-മാഹി ബൈപ്പാസിൽ പ്രവേശനകവാടമായി
മുഴപ്പിലങ്ങാട് : ദേശീയപാത 66-ലെ മുഴപ്പിലങ്ങാട്ട്നിന്ന് അഴിയൂർ വരെ നീളുന്ന മാഹി ബൈപ്പാസിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്.
1300 കോടിയോളം രൂപ ചെലവഴിച്ചാണ് 18.6 കി.മീറ്റർ നീളത്തിലുള്ള ബൈപ്പാസ് നിർമാണം. അഞ്ചരക്കണ്ടി, ധർമടം, കുയ്യാലി, മാഹി പുഴകൾക്ക് മുകളിലായി നാല് വലിയ പാലങ്ങൾ പൂർത്തിയായി കഴിഞ്ഞു. എറണാകുളത്തെ ഇ.കെ.കെ. കമ്പനിക്കാണ് ഈ റീച്ചിന്റെ നിർമാണക്കരാർ.
മുഴപ്പിലങ്ങാട് മഠത്തിനടുത്ത്നിന്ന് തുടങ്ങി അഞ്ചരക്കണ്ടി പുഴവരെയുള്ള പാതയുടെ നിർമാണം പൂർത്തീകരിച്ച് റോഡിൽ സിഗ്നൽ ബോർഡുകൾ സ്ഥാപിച്ചു. മഠത്തിൽനിന്ന് ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കവാടവും സ്ഥാപിച്ചിട്ടുണ്ട്. ഇരുവശത്തും ഉയരത്തിൽ ഇരുമ്പുതൂൺ സ്ഥാപിച്ച് അതിനുമുകളിലാണ് ദൂരദേശങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നത്.
വടക്കോട്ടുള്ള ബോർഡിൽ മുംബൈയും മംഗളൂരുവും കണ്ണൂരും തെക്കോട്ടുള്ള ബോർഡിൽ കന്യാകുമാരിയും എറണാകുളവും കോഴിക്കോടും രേഖപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലേക്ക് 1051 കിലോമീറ്ററും മംഗളൂരുവിലേക്ക് 158 കിലോമീറ്ററുമാണ് മുഴപ്പിലങ്ങാട്ടുനിന്നുള്ള ദൂരം. കന്യാകുമാരിയിലേക്ക് 540-ഉം എറണാകുളത്തേക്ക് 259 കിലോമീറ്ററുമുണ്ട്. വാഹനങ്ങളുടെ വേഗം രേഖപ്പെടുത്തിയ ബോർഡും റോഡരികിലുണ്ട്.
No comments
Post a Comment