കണ്ണൂരിൽ വ്യാപാരിയുടെ വീടിന് ബോംബേറ്; ജനൽച്ചില്ലുകൾ തകർന്നു
കല്യാശേരി: വ്യാപാരി വ്യവസായി സമിതിയംഗവും സി.പി.എം അനുഭാവിയുമായ വ്യാപാരിയുടെ വീടിന് ബോംബെറിഞ്ഞു. മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.കണ്ണൂർ കല്യാശേരി
കോലത്തുവയൽ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ പുളുക്കൂൽ ഹൗസിൽ പി.സജീവന്റെ വീടിനാണ് ബോംബെറിഞ്ഞത്.
തിങ്കൾ പുലർച്ചെ ഒന്നിനാണ് സംഭവം. മകൻ അക്ഷയ്കുമാർ ഉറങ്ങുകയായിരുന്ന മുറിയുടെ ജനലിലാണ് ബോംബ് പതിച്ചത്. ചില്ലും ഫ്രെയിമും ചിതറിത്തെറിച്ചു. കട്ടിലിൽ കിടക്കുകയായിരുന്ന അക്ഷയ്കുമാറിന്റെ ദേഹമാസകലം ചില്ല് തെറിച്ച് വീണു. പുതച്ച് കിടന്നതിനാൽ മുറിവേൽക്കാതെ രക്ഷപ്പെട്ടു.
ബോംബ് പൊട്ടിയപ്പോഴുണ്ടായ രൂക്ഷഗന്ധവും പുകയും വ്യാപിച്ചതോടെ വീട്ടിലുണ്ടായവർക്ക് ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടു. വീടിന്റെ സെൻട്രൻ ഹാളിലേക്കും അടുക്കളയിലുമടക്കം ചില്ലും മറ്റും തെറിച്ചു. സജീവനും ഭാര്യയും തൊട്ടടുത്ത മുറിയിലാണുണ്ടായിരുന്നത്.
കോലത്തുവയൽ മരച്ചാപ്പക്ക് സമീപത്തെ എ.എസ്.സ്റ്റോർ ഉടമയാണ് സജീവൻ. സി.പി.എം പ്രവർത്തകയും അയൽവാസിയുമായ കെ. അനിതയുടെ വീടിന്റെ ഒരു ജനൽച്ചില്ലും ബോംബിന്റെ ചീള് തെറിച്ച് തകർന്നു.
പൊലീസ് കമീഷണർ അജിത്കുമാർ, എസിപിമാരായ ടി.കെ. രത്നകുമാർ, പി. കെ.ധനഞ്ജയകുമാർ, ഡി.വൈ.എസ്.പി .കെ. പി.സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിഭാഗവും ബോംബ് സ്ക്വാഡും തെളിവെടുത്തു. പ്രദേശത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.
No comments
Post a Comment