നാലുപേർക്ക് സഞ്ചരിക്കാം ഇത് ഐവിന്റെ ‘കപ്പിൾ സൈക്കിൾ’
കണ്ണൂർ : ഐവിന്റേയും കൂട്ടുകാരുടേയും സഞ്ചാരം ഇപ്പോൾ നാലുചക്ര വാഹനത്തിലാണ്. എന്നാൽ കാറോ ജീപ്പോ അല്ല. നാലുപേർക്ക് ഒന്നിച്ച് സഞ്ചരിക്കാൻ കഴിയുന്ന സൈക്കിളാണ്. ഈ വിശേഷ സൈക്കിൾ വികസിപ്പിച്ചെടുത്തത് വിദ്യാർഥിയായ ഐവിൻ വിനോദ് തന്നെയാണ്.
രണ്ട് സൈക്കിളുകൾ ഒന്നിച്ചുചേർത്തതിനാൽ ‘കപ്പിൾ സൈക്കിൾ’ എന്നാണ് പേര്. ഒരു ഗിയർ സൈക്കിളിന്റെ വില 5000 രൂപയ്ക്ക് മുകളിലാണ്. എന്നാൽ ഐവിൻ വെറും 2500 രൂപ ചെലവിലാണ് രണ്ട് സൈക്കിളുകൾ ഒന്നാക്കി നാലുപേർക്കിരിക്കാവുന്ന ഒറ്റസൈക്കിൾ ഉണ്ടാക്കിയത്.
ഒരുവർഷം മുൻപാണ് ഇത്തരമൊരു സൈക്കിളിന്റെ ആശയം ഐവിന്റെ മനസ്സിലെത്തിയത്. പിന്നീട് സ്കൂളിലെ ശാസ്ത്രമേളയിൽ മത്സരിക്കുന്നതിന് ഈ ആശയം പ്രാവർത്തികമാക്കി. തുടർന്ന് ഉപജില്ലയിൽ എ ഗ്രേഡും നേടി.
സൈക്കിൾ ഓടിക്കുന്നതിന് രണ്ടുപേർ വേണം. പിറകിലത്തെ ഫ്രീവീൽ ടീത്ത് കൂട്ടിയത് സൈക്കിൾ ഓടിക്കുന്നത് ആയാസകരമാക്കാൻ സഹായിച്ചു. മുന്നിലുള്ള രണ്ട് ടയറുകൾ ഒരു ഹാൻഡിലിൽ തിരിയുന്നതാണ്.
പിറകിലത്തെ രണ്ട് ടയറുകൾക്ക് ബ്രേക്കും നൽകിയിട്ടുണ്ട്.
ആദ്യം ഗിയറില്ലാതെയാണ് സൈക്കിളുണ്ടാക്കിയത്. പിന്നീട് ഏഴ് സ്പീഡ് ഗിയറുകൾ കൂടി ഘടിപ്പിച്ചു. ഒപ്പം സൈക്കിൾ വളയ്ക്കുമ്പോൾ മറിയാതിരിക്കാൻ നാല് സസ്പെൻഷൻ കൂടി പിടിപ്പിച്ചു. അച്ഛന്റെ സുഹൃത്ത് വിനീതും സഹായത്തിനെത്തി.
കൂടുതൽ കണ്ടുപിടിത്തങ്ങൾക്കുള്ള ശ്രമത്തിലാണ് ഈ കുട്ടി ശാസ്ത്രജ്ഞൻ. ചെമ്പൻതൊട്ടി സെയ്ന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഐവിൻ. അച്ഛൻ: വിനോദ് പി. സെബാസ്റ്റ്യൻ. അമ്മ: രമ്യ മാത്യു.
No comments
Post a Comment