മുഖവും മുടിയും കൂളാക്കാം; കണ്ണൂർ ഗവ. ആയുർവേദ ആശുപത്രിയിലേക്ക് വരൂ
2016ലാണ് സംസ്ഥാനത്തെ ആദ്യ ആയുർവേദ കോസ്‌മെറ്റിക് ഒ.പി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തനമാരംഭിക്കുന്നത്. ദിവസവും രാവിലെ ഒമ്പതുമുതൽ ഒന്ന് വരെയാണ് ഒ.പി സമയം. ഒരു തവണ നൂറുരൂപ അടച്ച് ഒ.പി ടിക്കറ്റ് എടുത്താൽ നാല് തവണ ഡോക്ടറെ കാണാം. ആവശ്യമെങ്കിൽ രക്തപരിശോധനയടക്കം നടത്തിയാണ് മുടിയുടെയും ചർമത്തിന്റെയും ചികിത്സ തീരുമാനിക്കുന്നത്.
ആയുർവേദചികിത്സയ്‌ക്ക് പുറമേ ബ്യൂട്ടിപാർലറുകളിൽ ചെയ്യുന്ന സൗന്ദര്യ സംരക്ഷണരീതികൾ പകുതി തുകയ്‌ക്ക് ചെയ്യാമെന്നതാണ് സവിശേഷത. 700 രൂപ ചെലവുള്ള ഫേഷ്യലിന് 350 രൂപയും1200 രൂപയുള്ള ഫ്രൂട്ട് ഫേഷ്യലിനും വെജ് ഫേഷ്യലിനും 550 രൂപയും 1500 രൂപയുള്ള ഗാൽവാനിക് ഫേഷ്യലിന് 700 രൂപയും വെജ്‌പീൽ ഫേഷ്യലിന് 850 രൂപയുമാണ് ഈടാക്കുന്നത്. ഹെന്ന–550 രൂപ, ഹെയർ സ്‌പാ–800, ഹൈ ഫ്രീക്വൻസി ട്രീറ്റ്‌മെന്റ് –450 രൂപ എന്നിങ്ങനെയാണ് നിരക്ക്.
മുടി കൊഴിച്ചൽ തടയാനും പുതിയ മുടി വളരാനുമുള്ള പ്ലേറ്റ്‌ലറ്റ് റിച്ച് പ്ലാസ്‌മ ട്രീറ്റ്‌മെന്റ് (പി.ആർ.പി) കഴിഞ്ഞ 21നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്‌ഘാടനം ചെയ്‌തത്. ആയുർവേദ മരുന്നുകളും പ്രകൃതിദത്ത വസ്‌തുക്കളും മാത്രമുപയോഗിച്ചാണ് ചികിത്സ നടത്തുന്നതെന്ന് മെഡിക്കൽ ഓഫീസർ നസീറ അബ്ദുൾ ഹബീബ് പറഞ്ഞു.
നിലവിൽ സ്‌ത്രീകൾക്ക് മാത്രമാണ് ഒ.പി. പി.ആർ.പി ചികിത്സ പുരുഷൻമാർക്കുമുണ്ട്. മെയ് മുതൽ എല്ലാചികിത്സയും പുരുഷന്മാർക്കും നൽകുന്ന ഒ.പി. തുടങ്ങുമെന്നും അവർ പറഞ്ഞു.
No comments
Post a Comment