പരിധിവിട്ടാൽ പണികിട്ടും; കുട്ടികളോട് ജില്ലാ പഞ്ചായത്ത്
കണ്ണൂർ: വേനലവധിക്ക് സ്കൂൾ അടക്കുന്ന ദിവസം വിദ്യാർഥികൾ സ്കൂളുകളിൽ അതിക്രമം കാട്ടിയാൽ കർശന നടപടിയെടുക്കാൻ നിർദേശം. അതിക്രമം ഉണ്ടായാൽ സ്കൂൾ പ്രിൻസിപ്പലോ പ്രധാനാധ്യാപകനോ പൊലീസിനെ അറിയിക്കണമെന്നും ജില്ല പഞ്ചായത്ത് നിർദേശം നൽകി.
അല്ലാത്തപക്ഷം സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം അതത് സ്കൂൾ പ്രിൻസിപ്പലിനോ പ്രധാനാധ്യാപകനോ ആയിരിക്കുമെന്നും ജില്ല പഞ്ചായത്ത് വ്യക്തമാക്കി. ജില്ല വിദ്യാഭ്യാസ വകുപ്പ് മുഖാന്തരമാണ് സ്കൂളുകൾക്ക് ജാഗ്രത നിർദേശം നൽകിയത്. കഴിഞ്ഞ വർഷം ആഘോഷങ്ങൾ അതിരു വിടുകയും നിരവധി സ്കൂളുകളിലെ ക്ലാസ് റൂമുകൾ, ശൗചാലയങ്ങൾ തുടങ്ങിയവ നശിപ്പിക്കുകയും ചെയ്തിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് മുൻകരുതലോടെ ജില്ല പഞ്ചായത്ത് എല്ലാ സ്കൂൾ അധികൃതർക്കും ജാഗ്രത നിർദേശം നൽകിയത്. അക്രമങ്ങളിൽ കേടുപാട് സംഭവിച്ചാൽ നഷ്ടപരിഹാരം രക്ഷിതാക്കളിൽനിന്ന് ഈടാക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അറിയിച്ചു. പ്രശ്ന സാധ്യതയുള്ള സ്കൂളുകൾക്കു മുന്നിൽ പൊലീസിന്റെ നിരീക്ഷണവും ശക്തമാക്കും. ഹയർ സെക്കൻഡറി പരീക്ഷകൾ 30ന് പൂർത്തിയാകും. 31നാണ് സ്കൂളുകളിൽ വേനൽ അവധി തുടങ്ങുന്നത്.
No comments
Post a Comment