Header Ads

  • Breaking News

    വ്യാജപ്രചാരണത്തിൽ വഞ്ചിതരാകരുത്; പ്ലാസ്‌റ്റിക്‌ ക്യാരിബാഗ്‌ നിരോധനമുണ്ട്‌


    കണ്ണൂർ : കോടതി വിധി പ്രകാരം സംസ്ഥാനത്ത്‌ ക്യാരീബാഗ്‌ നിരോധനം അവസാനിപ്പിച്ചുവെന്ന വ്യാജപ്രചാരണത്തിൽ വ്യാപാരികളും ഉപഭോക്താക്കളും വഞ്ചിതരാകരുതെന്ന്‌ ശുചിത്വമിഷൻ. നിരോധിത ക്യാരി ബാഗുകൾ വിൽപ്പന നടത്തുകയോ ഉപയോഗിക്കുകയോ ചെയ്‌താൽ കുറഞ്ഞത്‌ പതിനായിരം രൂപയാണ്‌ പിഴ. നിലവിൽ 60 ജി.എസ്‌.എമ്മിൽ കൂടുതൽ കനമുള്ള നോൺ വൂവൺ ബാഗുകളുടെ നിരോധനമാണ്‌ കോടതി റദ്ദാക്കിയത്‌. ഇത്തരം മെറ്റീരിയൽകൊണ്ടുള്ള ക്യാരീബാഗുകൾ ദൈനംദിന ആവശ്യങ്ങൾക്ക്‌ പറ്റാത്തതിനാലും പ്ലാസ്‌റ്റിക്‌ ക്യാരിബാഗ്‌ പോലെ വിവിധ രൂപങ്ങളിൽ ലഭ്യമല്ലാത്തതിനാലും ഇതിന്‌ വിപണിയിൽ സ്വീകാര്യതയും ലഭിച്ചിട്ടില്ലെന്നും ശുചിത്വമിഷൻ അറിയിച്ചു.   

    മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്‌ ജില്ലയിൽ രണ്ട്‌ പ്രത്യേക എൻഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡിന്‌ രൂപം നൽകിയിട്ടുണ്ട്‌. കണ്ണൂർ കോർപറേഷൻ, തലശേരി, മട്ടന്നൂർ, കൂത്തുപറമ്പ്‌, ഇരിട്ടി, തളിപറമ്പ്‌, ശ്രീകണ്‌ഠാപുരം, പയ്യന്നൂർ, ആന്തൂർ നഗരസഭകളിലും മയ്യിൽ, ചെങ്ങളായി, മുഴപ്പിലങ്ങാട്‌ പഞ്ചായത്തുകളിലുമായി ഇതുവരെ നടത്തിയ 87 പരിശോധനകളിൽ 49 നിയമലംഘനങ്ങൾ കണ്ടെത്തി. പിഴ ഈടാക്കുന്നതിനും തുടർനടപടി സ്വീകരിക്കാനും അതത്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ നിർദേശം നൽകി. പൊതുയിടങ്ങളിലെ മാലിന്യ നിക്ഷേപം, പ്ലാസ്‌റ്റിക്‌ കത്തിക്കൽ, ഹരിതചട്ടം പാലിക്കാതിരിക്കൽ, നിരോധിത ബോർഡുകൾ, ബാനറുകൾ ഉപയോഗിക്കൽ തുടങ്ങിയ നിയമലംഘനങ്ങളിലും സ്‌ക്വാഡുകൾ നിയമനടപടി നിർദേശിക്കുന്നുണ്ട്‌. വരും ദിവസങ്ങളിൽ സ്‌ക്വാഡ്‌ രാത്രിയിലും അതിരാവിലെയും പരിശോധന നടത്തും.



    No comments

    Post Top Ad

    Post Bottom Ad