സിപിഎം പിന്തുണ രാഹുൽ ഗാന്ധിക്കല്ല, എതിർക്കുന്നത് ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ: എംവി ഗോവിന്ദൻ
ദില്ലി : എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് നൽകുന്ന പിന്തുണയിൽ നിലപാട് വ്യക്തമാക്കി സിപിഎം. ഇപ്പോൾ നൽകുന്ന പിന്തുണ രാഹുൽ ഗാന്ധിയെന്ന വ്യക്തിക്കല്ലെന്നും ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെയാണ് എതിർക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിശദീകരിച്ചു. ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും ഈ നിലപാട് തന്നെയാണ് സിപിഎം സ്വീകരിച്ച നിലപാട്. ഏത് പാർട്ടികൾക്കെതിരായ ബിജെപി നടപടിയിലും ഇതുതന്നെയാകും സിപിഎം നിലപാടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
കോൺഗ്രസിനെ കുറ്റപ്പെടുത്തിയ അദ്ദേഹം, ഇത്തരത്തിലൊരു പൊതു നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. കേരളത്തിൽ കോൺഗ്രസിനെതിരായ നിലപാടുകളിൽ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കോൺഗ്രസിനെ അതിശക്തമായി എതിർത്തുകൊണ്ട് തന്നെ പാർട്ടി മുന്നോട്ട് പോകും. അതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. സിപിഎം ഇപ്പോൾ എടുക്കുന്ന നിലപാട് കോൺഗ്രസിനെ സഹായിക്കുമോ എന്നതല്ല. ജനാധിപത്യ സംവിധാനത്തിന് മുന്നോട്ടുപോകാനുള്ള വഴിയൊരുക്കുകയാണ് രാഷ്ട്രീയപാർട്ടിയെന്ന നിലയിൽ ചെയ്യുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
No comments
Post a Comment