പരീക്ഷയ്ക്ക് തൊട്ട് മുൻപ് കേന്ദ്രം മാറ്റി: വിദ്യാർഥികളെ ‘പരീക്ഷിച്ച്’ സർവകലാശാല
കണ്ണൂർ: പരീക്ഷയ്ക്ക് തൊട്ട് മുൻപ് പരീക്ഷാ കേന്ദ്രം മാറ്റി വിദ്യാർഥികളെ ‘പരീക്ഷിച്ച്’ കണ്ണൂർ സർവകലാശാല. വിദൂരവിദ്യാഭ്യാസ വിഭാഗം ബി.എ., ബി.കോം. അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്കിടെയാണ് കേന്ദ്രം മാറ്റിയത്. പരീക്ഷയെഴുതാനായി പാവന്നൂർമെട്ടയിലെ ഐ.ടി.എം. കോളേജിലെത്തിയ വിദ്യാർഥികളാണ് വെട്ടിലായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-നായിരുന്നു പരീക്ഷ. കഴിഞ്ഞയാഴ്ച കൈപ്പറ്റിയ ഹാൾ ടിക്കറ്റിൽ രേഖപ്പെടുത്തിയതുപ്രകാരം കോളേജിലെത്തിയപ്പോഴാണ് കേന്ദ്രം മാറ്റിയ വിവരമറിഞ്ഞത്. തുടർന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഇ.വി.രമ്യ വിദ്യാർഥികളുടെ പരീക്ഷാ അവസരം നഷ്ടപ്പെടാതിരിക്കാൻ കോളേജ് ബസിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെത്തിച്ചു.
ചിലർക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന് ആരോപണമുണ്ട്. അറിയിപ്പില്ലാതെ പരീക്ഷയ്ക്ക് മിനുട്ടുകൾക്ക് മുൻപ് പരീക്ഷാകേന്ദ്രം മാറ്റിയതിൽ ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
No comments
Post a Comment