കോഴിക്കോട്ടെ വിവാദ ലൗജിഹാദ് കേസ്: യുവാവിനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവ്; പീഡനം നടന്നിട്ടില്ലെന്നും വിധിയിൽ
കോഴിക്കോട് : വിവാദ ലൗജിഹാദ് കേസിൽ യുവാവി നെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവ്. ലൗജിഹാദെന്ന ആരോപണം നിലനിൽക്കില്ലെന്നും പീഡനം നടന്നിട്ടില്ലെന്നും കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതി വിധിയിൽ വ്യക്തമാക്കി.
2019 ലായിരുന്നു ഏറെ ചർച്ചയായ ലൗജിഹാദ് ആരോപണം. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ മുഹമ്മദ് ജാസിം, സഹപാഠിയെ സരോവരം പാർക്കിൽ വച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നും മതം മാറ്റം ലക്ഷ്യമിട്ടുള്ള ലൗജിഹാദാണ് ഇതിനുപുറകിലെന്നുമായിരുന്നു ആരോപണം. പെൺകുട്ടിയുടെ വീഡിയോ ചിത്രീകരിച്ച് മതം മാറാൻ നിർബന്ധിച്ചെന്നും പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയിരുന്നു. തുടർന്നാണ് മുഹമ്മദ് ജാസിമിനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം തുടങ്ങിയത്. പെൺകുട്ടിയെ യുവാവ് അശോകപുരം പളളി പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും പരാതിയിലുണ്ടായിരുന്നു.
കൃസ്ത്യൻ സമുദായത്തിൽപ്പെട്ട പെൺകുട്ടിയുമായി നേരത്തെ അടുപ്പത്തിലായിരുന്നു യുവാവ്. ഇത് മനസിലാക്കിയതോടെയാണ് യുവാവിനെതിരെ ആരോപണങ്ങളുമായി നീങ്ങിയതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. പളളിയിലെതുൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ തട്ടിക്കൊണ്ടുപേകാൻ ശ്രമം നടന്നിട്ടില്ലെന്നും, ജാസിമുമായി സംസാരിച്ച ശേഷം പെൺകുട്ടി കാറിൽ കയറി പോകുകയായിരുന്നെന്നും തെളിഞ്ഞു. മതംമാറ്റമുൾപ്പെടെയുളള ലക്ഷ്യങ്ങൾ ഉണ്ടായിരുന്നില്ല. ഇവർ തമ്മിൽ പ്രണയമോ അടുപ്പമോ ആണ് ഉണ്ടായിരുന്നതെന്നും ബോധ്യപ്പെട്ടതോടെയാണ് നാലുവർഷങ്ങൾക്ക് ശേഷം ജാസിമിനെ, കോഴിക്കോട് അതിവേഗ കോടതി ജഡ്ജി പ്രിയ കെ വെറുതെ വിട്ടത്. കേസിലെ വസ്തുതകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നേരത്തെ ഒരു സംഘം സൈബറാക്രമണവും നടത്തിയിരുന്നു.
No comments
Post a Comment