കരുതലോടെ കൈപിടിച്ച് മലബാർ ക്യാൻസർ സെന്റർ
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നെത്തുന്ന രോഗികൾക്ക് വഴികാട്ടുകയാണ് ‘പേഷ്യന്റ് നാവിഗേറ്റേഴ്‌സ്’. ക്യാൻസറാണെന്ന് അറിഞ്ഞതിന്റെ വേവലാതിയുമായി എത്തുന്നവർക്ക് സഹായംമാത്രമല്ല, സാന്ത്വനവും പകരുന്നു. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ ഏഴു മുതൽ വൈകിട്ട് നാലുരെയാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തനം. തുടങ്ങി ഒരു വർഷത്തിനിടെ 5192 രോഗികൾക്ക് സഹായം നൽകി. ഇതിനകം 1385 വളന്റിയർമാർ സേവനത്തിനെത്തി.
പുതുതായി വരുന്നവർക്ക് രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിക്കൽ, നിർദേശങ്ങൾ നൽകൽ, വീൽചെയർ–ട്രോളി സഹായം, ഒ.പി, ഫാർമസി, ലാബുകൾ എന്നിവയിലേക്ക് എത്തിക്കൽ, പ്രധാനമന്ത്രി,- മുഖ്യമന്ത്രി, മറ്റ് ഏജൻസികളുടെ ചികിത്സാ സഹായപദ്ധതിയെക്കുറിച്ച് വിശദീകരിക്കൽ, റെയിൽവേ കൺസഷൻ, ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങൾക്കുള്ള അപേക്ഷ തയ്യാറാക്കൽ തുടങ്ങി ഏത് സഹായത്തിനും വളന്റിയർമാർ റെഡി. ആദ്യമായി എം.സി.സി.യിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇവർ നൽകുന്ന സേവനം വിലപ്പെട്ടതാണ്.
2019ൽ രൂപീകരിച്ച ക്യാൻസർ കൺസോർഷ്യം 2021 ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം ചെയ്‌തത്. ക്യാൻസറിനും ലഹരിക്കുമെതിരായ ബോധവൽക്കരണമാണ് പ്രധാന പ്രവർത്തനം. ഹെൽപ് ഡെസ്‌ക് വാർഷികം ശനിയാഴ്‌ച എം.സി.സി സെമിനാർ ഹാളിൽ ആഘോഷിക്കും. സബ്‌കലക്ടർ സന്ദീപ്‌കുമാർ ഉദ്‌ഘാടനംചെയ്യും. എ.എസ്.പി അരുൺ കെ. പവിത്രൻ മുഖ്യാതിഥിയാവും. എം.സി.സി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം മുഖ്യപ്രഭാഷണം നടത്തും.
No comments
Post a Comment