കൊറിയർ 24 മണിക്കൂറിലെത്തും; കണ്ണൂരും തലശ്ശേരിയും ഉൾപ്പെടെ 55 ഡിപ്പോയിൽ സേവനം
ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് ആരംഭിക്കുന്നു. ഡിപ്പോ ടു ഡിപ്പോ എന്നനിലയിലാണ് സാധനങ്ങളും കവറുകളും ആദ്യഘട്ടത്തിൽ എത്തിക്കുക. തുടക്കത്തിൽ 55 ഡിപ്പോയിൽ സൗകര്യമുണ്ടാകും. ബംഗളൂരു, മൈസൂരു, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ എന്നിവിടങ്ങളിലേക്കും സേവനം ഉണ്ടാകും. തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. രണ്ട് മാസത്തിനകം കൊറിയർ സർവീസ് ഉദ്‌ഘാടനംചെയ്യും.
കൊറിയർ സർവീസിലൂടെ മാസം അഞ്ചുകോടി രൂപ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. കൊറിയർ കൊണ്ടുപോകുന്ന ബസിലെ കണ്ടക്ടർക്കും ഡ്രൈവർക്കും ഇൻസെന്റീവ് നൽകും.
സ്വകാര്യ കമ്പനികളുടെ നിരക്കിനേക്കാൾ കുറഞ്ഞ തുകയും കൂടുതൽ വേഗത്തിലും സേവനം ലഭിക്കും.
ഡിപ്പോയിൽ കൊറിയർ സർവീസിന് ഫ്രണ്ട് ഓഫീസ് തുറക്കും. സാധനങ്ങൾ പായ്‌ക്ക് ചെയ്‌ത് എത്തിക്കണം. കൊറിയർ അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും എസ്‌എംഎസ് ലഭിക്കും. നഗരങ്ങളിലെയും ദേശീയത പാതയ്‌ക്ക് സമീപമുള്ള ഡിപ്പോകളിൽനിന്ന് 24 മണിക്കൂറും സർവീസുണ്ടാകും. ഉൾപ്രദേശങ്ങളിലെ ഡിപ്പോകളിൽ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാകും. സാധനങ്ങൾ മൂന്നുദിവസത്തിനകം സ്വീകരിക്കണം. പിന്നീട് ഡെലിവറിക്ക് പിഴയീടാക്കും. കേരളത്തിൽ ഏത് ഡിപ്പോയിലേക്കും കൊറിയർ എത്തിക്കും. 2015ൽ ആരംഭിച്ചിരുന്ന കൊറിയർ സർവീസ് പിന്നീട് നിലച്ചിരുന്നു.
സേവനം ലഭ്യമാകുന്ന മറ്റ് സ്ഥലങ്ങൾ
തിരുവനന്തപുരം സെൻട്രൽ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, ബത്തേരി, കണ്ണൂർ, കാസർകോട്, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, നെടുമങ്ങാട്, കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, അടൂർ, ആലപ്പുഴ, കായംകുളം, പാല, ചങ്ങനാശേരി, മൂന്നാർ, അങ്കമാലി, ആലുവ, ഗുരുവായൂർ, മലപ്പുറം, കൽപ്പറ്റ, പയ്യന്നൂർ, കാട്ടാക്കട, കിളിമാനൂർ, പൂവാർ, വിഴിഞ്ഞം, പുനലൂർ, ചെങ്ങന്നൂർ, ചേർത്തല, ഹരിപ്പാട്, ഈരാറ്റുപേട്ട, പൊൻങ്കുന്നം, തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ, ചാലക്കുടി, നിലമ്പൂർ, പെരിന്തൽമണ്ണ, പൊന്നാനി, താമരശേരി, തൊട്ടിൽപ്പാലം, മാനന്തവാടി, തലശേരി.
No comments
Post a Comment