വളപട്ടണം പുഴയിലെ ഡബിൾ ഡെക്കറിനെ നെഞ്ചേറ്റി സഞ്ചാരികൾ
പറശ്ശിനിക്കടവ് വളപട്ടണം പുഴയിലെ വിനോദസഞ്ചാരത്തിന് കുതിപ്പ് പകർന്ന് ജലഗതാഗതവകുപ്പിന്റെ ഡബിൾ ഡെക്കർ സഞ്ചാരികളെ ആകർഷിക്കുന്നു. ഏപ്രിൽ അഞ്ചിന് സർവീസ് തുടങ്ങിയ ബോട്ടിന് 20 ദിവസത്തിനുള്ളിൽ 4.15 ലക്ഷമാണ് വരുമാനമാണുണ്ടായത്.
ദിവസം 20,000 മുതൽ 25,000 രൂപ വരെയാണ് ലഭിക്കുന്നത്. ഇത് ചില ദിവസങ്ങളിൽ 30,000 രൂപയിൽ കവിഞ്ഞിട്ടുണ്ട്. വരുമാനത്തിലുണ്ടായ നല്ല പ്രതികരണം കൂടുതൽ ബോട്ടുകൾ ജലഗതാഗത വകുപ്പിന് വളപട്ടണം പുഴയിൽ സർവീസ് നടത്താൻ പ്രചോദനമായി.
ഡബിൾ ഡെക്കറിന്റെ മുകളിലും താഴെയും സഞ്ചാരികൾക്ക് വ്യത്യസ്ത ടിക്കറ്റ് നിരക്കാണ്. തുറന്ന സ്ഥലത്തിരുന്ന് പുഴയോര കാഴ്ചകൾ ആസ്വദിക്കുന്നതിന് ഏറെ പേരാണ് നിത്യേന എത്തുന്നത്.
രാവിലെ 9.30 വരെ പറശ്ശിനിക്കടവിലും പരിസരത്തും സർക്യൂട്ട് സർവീസും പിന്നീട് മാട്ടൂലിലേക്കുള്ള സർവീസും ആണ്. ഉച്ചയോടെ തിരിച്ചെത്തുന്ന ബോട്ട് ഉച്ചയ്ക്ക് രണ്ടിന് വളപട്ടണം വരെ പ്രത്യേക സർവീസ് നടത്തുന്നുണ്ട്.
വൈകീട്ട് വീണ്ടും സർക്യൂട്ട് സർവീസിനോടൊപ്പം മുല്ലക്കൊടി, കോർജയി ദ്വീപ് വരെയും സർവീസ് നടത്തുന്നുണ്ട്. എല്ലാ സർവീസിനും സഞ്ചാരികളുടെ തിരക്കാണ് അനുഭവപ്പെടുന്നത് എന്നാണ് അധികൃതർ പറയുന്നത്.
ബോട്ടിൽ കലാവിനോദങ്ങളിൽ ഏർപ്പടാനുള്ള സൗകര്യവും ശൗചാലയ സൗകര്യവും ഉണ്ട്. ഉത്തരവാദിത്വ വിനോ സഞ്ചാരത്തിന്റെ വലിയ മാതൃകയാകുകയാണ് പുതിയ ബോട്ട്. ബോട്ടിലെ സുരക്ഷാസംവിധാനവും ജീവനക്കാരുടെ നല്ല സേവനവും കൂടി ബോട്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമായിട്ടുണ്ട്.
No comments
Post a Comment