കണ്ണൂർ റീജ്യണൽ പബ്ലിക് ഹെൽത്ത് ലാബ് ഇനി ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബ്
കണ്ണൂർ റീജ്യണൽ പബ്ലിക് ഹെൽത്ത് ലാബ്, ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബായി ഉയർത്തുന്നതിന്റെയും നവീകരിച്ച ആർ പി എച്ച് ലാബിന്റെയും ഉദ്ഘാടനം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവ്വഹിച്ചു. ഇതോടെ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സാമ്പിളുകളുടെ പരിശോധന കൂടുതൽ വേഗത്തിലാക്കാൻ സാധിക്കും. പി എം അഭിം പദ്ധതിയിൽ ഉൾപ്പെടുത്തി 1.25 കോടി രൂപ ചെലവിലാണ് ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബായി ഉയർത്തുന്നത്. ഇതോടെ കൃത്യതയോടെയും വേഗത്തിലും പരിശോധന നടത്താനാകും. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 50 ലക്ഷം രൂപ ഉപയോഗിച്ച് ആർ പി എച്ച് ലാബ് ആധുനിക സൗകര്യങ്ങളോടെയാണ് നവീകരിച്ചത്. സൈറ്റോളജി ലബോറട്ടറി പ്രവർത്തന സജ്ജമായാൽ വിവിധ തരത്തിലുളള കാൻസർ നിർണ്ണയത്തിന് സഹായകമാകും.കണ്ണൂരിൽ 2011 ഫെബ്രുവരിയിൽ ആരംഭിച്ച റീജിയണൽ ലാബിൽ ദിനംപ്രതി 900ത്തോളം പരിശോധനകൾ നടത്തുന്നുണ്ട്. ബി പി എൽ കാർഡുള്ള രോഗികൾക്ക് പരിശോധന സൗജന്യമാണ്. മറ്റുള്ളവരിൽ നിന്നും സർക്കാർ നിരക്കാണ് ഈടാക്കുന്നത്. ജീവിതശൈലീ-സാംക്രമിക രോഗങ്ങൾ കണ്ടെത്താനുള്ള പരിശോധന, എച്ച്‌ഐവി പരിശോധനയ്ക്കുള്ള എലീസ ടെസ്റ്റ്, കൊവിഡ് ആർ ടി പി സി ആർ, കൾച്ചർ ആന്റ് സെൻസിറ്റിവിറ്റി, ന്യൂബോൺ സ്‌ക്രീനിങ്ങ്, എ എം ആർ സർവയലൻസ് എന്നിവയും ഇവിടെ നടത്തുന്നുണ്ട്. പി സി ആർ ലാബിൽ കോവിഡ് പരിശോധന കൂടാതെ എലിപ്പനി നിർണയത്തിനുളള പരിശോധനയും സാധ്യമാണ്. രോഗികൾക്ക് വിശ്രമസ്ഥലവും ഒരുക്കിയിട്ടുണ്ട്. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, ഡി എം ഒ ഡോ. കെ നാരായണ നായ്ക്, എൻ എച്ച് എം ജില്ലാ പ്രോഗ്രം മാനേജർ ഡോ. പി കെ അനിൽകുമാർ, ഡെപ്യൂട്ടി ഡി എം ഒ ഡോ. എം പി ജീജ, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. കെ സി സച്ചിൻ, കൺസൽട്ടന്റ് ഡോ. പി ലീന, ജൂനിയർ കൺസൽട്ടന്റ് ഡോ. ഐ കെ ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.
No comments
Post a Comment