അരിക്കൊമ്പനെ ഉൾവനത്തിൽ തുറന്നുവിട്ടു: പൂജ ചെയ്ത് വനം വകുപ്പിന്റെ സ്വീകരണം, നീക്കം നിരീക്ഷിക്കാൻ ഇനി ജിപിഎസ് കോളർ
കുമളി: ഇടുക്കി ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനുമായി പുറപ്പെട്ട വാഹനം കുമളിയിൽ എത്തി. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം വഴിയാണ് കൊമ്പനെ കൊണ്ടുപോയത്. ഇവിടെ നിന്ന് 22 കിലോമീറ്റർ ദൂരെ ഉൾവനത്തിലാണ് ആനയെ തുറന്നുവിടുക. ഗേറ്റിന് മുന്നിൽ വെച്ച് പൂജ ചെയ്താണ് ആനയെ വനംവകുപ്പ് വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. തുടർന്ന്, അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിലെ ഉൾ വനത്തിൽ തുറന്നു വിട്ടു. സീനിയറോടക്ക് സമീപമാണ് തുറന്നു വിട്ടത്.
രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഘം എത്തിയത്. കനത്ത മഴ മൂലം വനത്തിനുള്ളിൽ കൂടെയുള്ള യാത്ര ദുഷ്കരം ആയിരുന്നു. ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് സീനിയറോഡ. ആനയുടെ നീക്കങ്ങൾ ജി പി എസ് കോളറിൽ നിന്നും ലഭിക്കുന്ന സിഗ്നൽ വഴി നിരീക്ഷിക്കാനാകും. ഇതിനുള്ള ക്രമീകരണങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പെരിയാർ കടുവ സങ്കേതം വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇനി ആനയെ നിരീക്ഷിക്കുക. ഉൾവനത്തിൽ ആയതിനാൽ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്ക് കൂട്ടൽ.
ആനയെ കൊണ്ടു വരുന്നത് പ്രമാണിച്ച് കുമളിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. ആനയെ കൊണ്ടുവരുന്നിടങ്ങളിലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുന്നത് ഒഴിവാക്കാനാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. കുമളി പഞ്ചായത്തിൽ ഇന്ന് രാവിലെ 7 മണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികൂല കാലാവസ്ഥയെ മറികടന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പൻ ദൗത്യം വിജയം കണ്ടത്. വണ്ടിയിൽ കയറുന്നതിന് വഴങ്ങാതെ നിലകൊളളുകയായിരുന്നു കൊമ്പൻ. മൂന്നു തവണയാണ് അരിക്കൊമ്പൻ കുതറി മാറിയത്. എന്നാൽ കടുത്ത രീതിയിൽ പ്രതിരോധിച്ച അരിക്കൊമ്പനെ നാല് കുങ്കിയാനകൾ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നു.
No comments
Post a Comment