ഒരു ക്യാമറയ്ക്ക് 10 ലക്ഷം വിലയിട്ടു, കെൽട്രോൺ ചെയർമാനെ കാത്തിരിക്കുന്നത് ശിവശങ്കറിന്റെ അനുഭവം: ചെന്നിത്തല
ആലപ്പുഴ: സംസ്ഥാനത്തെമ്പാടും എഐ ക്യാമറ സംബന്ധിച്ചതുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന് കെൽട്രോൺ ചെയർമാൻ മറുപടി നൽകിയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടപാടുമായി ബന്ധപ്പെട്ട് നാണംകെട്ട മറുപടിയാണ് കെൽട്രോൺ എം ഡി നൽകിയത്. ഇടപാടിൽ ഗുരുതര അഴിമതി നടന്നുവെന്ന് ആരോപിച്ച അദ്ദേഹം ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും പുറത്തുവിട്ടു.
എഐ ക്യാമറ ഇടപാടിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അവരെ സംരക്ഷിക്കാൻ വേണ്ടിയാണ് കെൽട്രോൺ ക്യാമറകളുടെ വിലവിവരം പുറത്തുപറയാൻ പറ്റില്ലെന്ന് അറിയിച്ചത്. ഈ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഇതുവരെ മുഖ്യമന്ത്രി മിണ്ടിയിട്ടില്ലെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
കെൽട്രോൺ പൊതു മേഖല സ്ഥാപനമായതിനാൽ അവർക്ക് വിവരാവകാശത്തിന് മറുപടി നൽകാൻ ബാധ്യതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കെൽട്രോൺ ഉപകരാർ എടുത്ത കമ്പനികളുടെ ഏജൻറ് ആയി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്യാമറയുടെ വില പുറത്ത് വിട്ടാൽ കെൽട്രോണിന് എന്ത് സംഭവിക്കാനാണെന്ന് ചോദിച്ച അദ്ദേഹം സംസ്ഥാന സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാകുമെന്നും പറഞ്ഞു.
കെൽട്രോൺ ചെയർമാൻ നാരായണ മൂർത്തിക്ക് എം ശിവശങ്കരന്റെ അനുഭവമാണ് ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ ഇടപാടിൽ ഭാഗമായ അക്ഷര കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ ചെന്നിത്തല പുറത്തുവിട്ടു. ക്യാമറ ഓരോന്നിനും തോന്നും പോലെ വില ഇട്ടുവെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഒരു ലക്ഷം രൂപയുടെ ക്യാമറയ്ക്ക് പത്ത് ലക്ഷം വരെ വിലയാക്കി മാറ്റിയ മായാജാലമാണ് രേഖയെന്നും പറഞ്ഞു. ഈ രേഖയാണ് കെൽട്രോൺ പുറത്തുവിടാത്തതെന്നും ഒരു സ്വകാര്യ കമ്പനിയുടെ ട്രേഡ് സീക്രട്ട് പുറത്താകുമെന്ന് പറയുന്ന വിചിത്ര മറുപടിയാണ് വിവരാവകാശ ചോദ്യത്തിന് നൽകിയതെന്നും പറഞ്ഞു.
No comments
Post a Comment