Header Ads

  • Breaking News

    ഹോട്ടലുടമയുടെ കൊലപാതകം: ഷിബിലിക്കെതിരെ പോക്സോ കേസ് നൽകി ഫർഹാന പിന്നീട് കൂട്ടുകാരിയായി; നിരവധി മോഷണ കേസുകളിലും പ്രതി





    കോഴിക്കോട്: ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ ഷിബിലിക്കെതിരെ കൂട്ടുപ്രതിയായ ഫർഹാന വർഷങ്ങൾക്ക് മുമ്പ് പോക്സോ കേസ് നൽകിയിരുന്നതായി റിപ്പോർട്ട്. 2021 ജനുവരിയില്‍ പാലക്കാട് ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് ഫര്‍ഹാന ഷിബിലിയെ പ്രതിയാക്കി പോക്സോ കേസ് ഫയല്‍ ചെയ്തത്. ഇതിനുശേഷം ഇരുവരും അടുപ്പത്തിലാകുകയായിരുന്നുവെന്നാണ് പൊലീസുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

    2018ല്‍ നെന്മാറയില്‍ വഴിയരികില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഷിബിലിക്കെതിരെ ഫര്‍ഹാനയും കുടുംബവും കേസ് നൽകിയത്. അന്ന് ഫര്‍ഹാനയ്ക്ക് 13 വയസായിരുന്നു. 2021ലാണ് ഷിബിലിക്കെതിരെ കേസ് കൊടുക്കുന്നത്. ഈ കേസിൽ അറസ്റ്റിലായ ഷിബിലിയെ കോടതി 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ഷിബിലി ആലത്തൂർ സബ് ജയിലിലായിരുന്നു.

    അതേസമയം ജയിലിൽനിന്ന് ഇറങ്ങിയ ഷിബിലി പിന്നീട് ഫർഹാനയുമായി അടുപ്പത്തിലാകുകയായിരുന്നു. ഇരുവർക്കുമെതിരെ മോഷണം ഉൾപ്പടെ നിരവധി പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. ഏറ്റവുമൊടുവിൽ കാറല്‍മണ്ണയിലെ ബന്ധുവീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ ഫര്‍ഹാന സ്വര്‍ണവുമായി മുങ്ങിയെന്ന് പരാതി നൽകിയിരുന്നു. സ്വര്‍ണമെടുത്തത് താനാണെന്ന് കത്തെഴുതി വച്ചാണ് ഫര്‍ഹാന പോയത്. അന്ന് ഫര്‍ഹാന ഷിബിലിയ്ക്കൊപ്പം ചെന്നൈയിലേയ്ക്ക് പോയെന്നാണ് ബന്ധുക്കൾ പറയുന്നു. ഈ മാസം 23മുതല്‍ ഫര്‍ഹാനയെ കാണാനില്ലെന്ന് വ്യക്തമാക്കി കുടുംബം ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

    അതിനിടെയാണ് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ സ്വദേശി സിദ്ദിഖിനെ(58) കൊലപ്പെടുത്തിയ കേസിൽ ഷിബിലിയും ഫർഹാനയും പിടിയിലാകുന്നത്. അട്ടപ്പടിയിലെ അഗളിയിലാണ് മൃതദേഹാവശിഷ്ടങ്ങൾ തള്ളിയത്. ചെന്നൈയിൽനിന്നാണ് ഷിബിലി (22), ഫർഹാന (18) എന്നിവർ പിടയിലായത്. സിദ്ദീഖിന്റെ കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലിലെ ജീവനക്കാരനായ ഷിബിലി ചെർപ്പുളശ്ശേരി സ്വദേശിയാണ്. ഫർഹാന ഇയാളുടെ പെൺസുഹൃത്താണ്. ഇവർ ഇപ്പോൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലാണ്.

    സിദ്ദീഖിനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എടിഎമ്മും ബാങ്ക് അക്കൗണ്ടിൽനിന്ന് പണവും നഷ്ടമായതായി കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്നാണ് വിവരം. അട്ടപ്പാടി അഗളിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്.


    No comments

    Post Top Ad

    Post Bottom Ad