കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു
കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. കോട്ടപ്പുറം രൂപതയുടെ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയുടെ രാജി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്സ് ഹൗസിലും നടന്നു. കോട്ടപ്പുറം രൂപതക്ക് പുതിയ ബിഷപ്പ് നിയമിതനാകുന്നതുവരെ കണ്ണൂർ രൂപതയുടെ ചുമതലയോടൊപ്പം കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായും ബിഷപ്പ് ഡോ. അലക്സ് പ്രവർത്തിക്കും.
വരാപ്പുഴ അതിരൂപതാ വികാരി ജനറൽ, ന്യൂഡൽഹിയിൽ സിബിസിഐ ഹെൽത്ത് കമ്മീഷൻ സെക്രട്ടറി, ജാർഖണ്ഡിലെ റാഞ്ചിയിൽ സിബിസിഐയുടെ കോൺസ്റ്റന്റ് ലിവെൻസ് മെഡിക്കൽ കോളജിന്റെ സ്ഥാപക പ്രോജക്ട് ഡയറക്ടർ, ഭാരതത്തിലെ കാനൻ ലോ സൊസൈറ്റിയുടെ പ്രസിഡന്റ്, വരാപ്പുഴ അതിരൂപത വൈസ് ചാൻസലർ, കൊച്ചിൻ ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് (സിഎസി) ഡയറക്ടർ, ആലുവ കാർമൽഗിരി സെമിനാരി പ്രൊഫസർ, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ, കേരള ലാറ്റിൽ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി ഉപദേഷ്ടാവ്, എന്നീ നിലകളിൽ ബിഷപ്പ് ഡോ. അലക്സ് പ്രവർത്തിച്ചിട്ടുണ്ട്. വത്തിക്കാനിൽ പൊന്തിഫിക്കൽ കൗൺസിൽ ഫോർ പാസ്റ്ററൽ ഹെൽത്തിലും സേവനം ചെയ്തിട്ടുണ്ട്.
കണ്ണൂർ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി 2014 ഫെബ്രുവരി ഒന്നിനാണ് ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ നിയമിച്ചത്. മെത്രാനായി 2014 മാർച്ച് 23 ന് അഭിഷിക്തനായി. ഇപ്പോൾ സിബിസിഐ ലേബർ കമ്മീഷൻ ചെയർമാനും കെആർഎൽസിബിസി യുടെ ഹെറിറ്റേജ് കമ്മീഷൻ ചെയർമാനുമാണ്.
എറണാകുളം ജില്ലയിൽ പനങ്ങാട് 1959 ജൂൺ 14 നായിരുന്നു ബിഷപ്പ് ഡോ. അലക്സിന്റെ ജനനം. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറയിൽ നിന്ന് 1984 ഡിസംബർ 19 ന് പൗരോഹിത്യം സ്വീകരിച്ചു. കാനൻ നിയമത്തിൽ റോമിലെ ഉർബാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും ഇംഗ്ലീഷ് സാഹിത്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
No comments
Post a Comment