ഭക്ഷണം വിളമ്പുന്നതിനിടെ തർക്കം; കല്യാണമണ്ഡപത്തിൽ കൂട്ടയടി, നിരവധി പേർക്ക് പരിക്ക്
മലപ്പുറം: ചങ്ങരംകുളത്ത് വിവാഹ സത്‌കാരത്തിനിടെ ഭക്ഷണം കിട്ടാത്തതു സംബന്ധിച്ചുണ്ടായ വാക്കേറ്റം സംഘർഷത്തിലും കൂട്ട അടിയിലും കലാശിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. സംഭവത്തിൽ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ചങ്ങരംകുളത്തെ കല്യാണമണ്ഡപത്തിലാണു സംഭവം നടന്നത്. സംഘർഷത്തിൽ പരിക്കേറ്റ നീലിയാട് കക്കുഴിപ്പറമ്പിൽ ശരത്തിനെ(46) ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ, മദ്യപിച്ചെത്തിയ കുറച്ചുപേർ ഭക്ഷണം ലഭിച്ചില്ലെന്നു പറഞ്ഞ് പ്രശ്‌നമുണ്ടാക്കിയതാണു തുടക്കം. ഇത് വലിയ വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ചങ്ങരംകുളം പൊലീസ് പ്രശ്‌നമുണ്ടാക്കിയ പത്തുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ശരത്തിന്റെ പരാതിപ്രകാരം പൊലീസ് അന്വേഷണമാരംഭിച്ചിച്ചുണ്ട്.
No comments
Post a Comment