അപ്രതീക്ഷിതമായി പെയ്ത മഴ തിരിച്ചടിയായി! ട്രെയിനുകൾ വൈകിയത് മണിക്കൂറുകൾ, ദുരിതത്തിലായി യാത്രക്കാർ
സംസ്ഥാനത്ത് ഇന്നലെ ട്രെയിനുകൾ വൈകിയത് മണിക്കൂറുകൾ. നിശ്ചയിച്ചിരുന്ന അറ്റകുറ്റപ്പണികൾ നീണ്ടുപോയതും, അപ്രതീക്ഷിതമായി പെയ്ത മഴയുമാണ് ട്രെയിന്‍ ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചത്. ഇതോടെ, പതിവ് ട്രെയിനുകളും വൈകിയാണ് ഓടിയത്. കോർബ- കൊച്ചുവേളി എക്സ്പ്രസ് 18 മണിക്കൂർ വൈകിയാണ് ഓടിയത്. ട്രെയിനുകൾ വൈകിയതിനാൽ ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ വലഞ്ഞു.
ഐലൻഡ് എക്സ്പ്രസ്, ചെന്നൈ മെയിൽ എന്നീ ട്രെയിനുകൾ ഒരു മണിക്കൂറും, ചെന്നൈ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ട്രെയിൻ രണ്ട് മണിക്കൂറുമാണ് വൈകിയത്. കൂടാതെ, മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് 6 മണിക്കൂറും, മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസ് നാലര മണിക്കൂറും ഇന്നലെ വൈകിയോടി. ശനി, ഞായർ ദിവസങ്ങളിൽ മാവേലിക്കര, ചെങ്ങന്നൂർ, ആലുവ, അങ്കമാലി, തൃശ്ശൂർ എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണികൾ ഉണ്ടാകുമെന്ന് റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിരുന്ന ജോലികൾ യഥാക്രമം പൂർത്തീകരിക്കാൻ കഴിയാതെ വന്നതോടെയാണ് തിരിച്ചടിയായത്.
No comments
Post a Comment