വൈശാഖ മഹോത്സവംനെയ്യമൃത് വ്രതക്കാർ കലശം കുളിച്ച് മഠങ്ങളിൽ പ്രവേശിച്ചു
ഇരിട്ടി : നെയ്യാട്ടത്തിനുളള നെയ്യുമായി പോകേണ്ട വ്രതക്കാർ ഇതുമായി ബന്ധപ്പെട്ട വിവിധ മഠങ്ങളിൽ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു. പത്തുദിവസത്തെ വേറെ വെപ്പിന് ശേഷം വെള്ളിയാഴ്ച മുതലാണ് ഇവർ മഠങ്ങളിൽ പ്രവേശിച്ച് കഠിന വ്രതം തുടങ്ങിയത്.
കീഴൂർ മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ച മഠത്തിൽ 20 പേരാണ് ഇത്തവണ മഠം കാരണവർ പി.ആർ. ഉണ്ണികൃഷ്ണൻ കാരണവരുടെ നേതൃത്വത്തിൽ വ്രതം നോൽക്കുന്നത് . ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി മഠത്തിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള കലശം കുളിചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.
പായം കാടമുണ്ട മഹാവിഷ്ണു ക്ഷേത്രം, കീഴൂർ ഇടവയുടെ കീഴിലുള്ള പുന്നാട് കുഴുമ്പിൽ, കാക്കയങ്ങാട് പാല , ആറളം, വട്ടക്കയം തുടങ്ങിയ മഠങ്ങളിലും വ്രതക്കാർ കലശം കുളിച്ച് മഠത്തിൽ കയറി കഠിന വ്രതം ആരംഭിച്ചു. പുന്നാട് കുഴുമ്പിൽ ഭഗവതി ക്ഷേത്രം മഠത്തിൽ മഠം കാരണവർ നിട്ടൂർ ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് കലശം കുളിച്ച് കഠിനവ്രതം ആരംഭിച്ചത്. പുതിയടത്ത് രാജൻ നമ്പൂതിരി കലശം കുളിക്ക് കാർമ്മികത്വം വഹിച്ചു. പാല മഠത്തിൽ 18 പേരും പായം മഹാവിഷ്ണു ക്ഷേത്രം മഠത്തിൽ നാലുപേരുമാണ് മഠത്തിൽ പ്രവേശിച്ചത്.
ജൂൺ 1ന് അർദ്ധരാത്രിയോടെയാണ് അക്കരെ കൊട്ടിയൂരിൽ സ്വയംഭൂവിൽ നെയ്യഭിഷേകം നടക്കുക. അഞ്ചു ദിവസത്തെ കഠിന വ്രതത്തിന് ശേഷം വ്രതക്കാർ നെയ്യഭിഷേകത്തിനുള്ള നെയ്യുമായി 1 ന് പുലർച്ചെ കൊട്ടിയൂരിലേക്ക് കാൽനടയായി പുറപ്പെടും.
No comments
Post a Comment