Header Ads

  • Breaking News

    വിവാഹബന്ധം പിരിയാന്‍ ആറുമാസം കാത്തിരിക്കേണ്ട;സുപ്രധാനമായ വിധിയുമായി സുപ്രീംകോടതി




    പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല. ഇത് നിബന്ധനകള്‍ക്ക് വിധേയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 5 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.

    സുപ്രീംകോടതിയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം സംബന്ധിച്ച് സുപ്രീം കോടതി മാര്‍ഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്.

    പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ബാധകമായ 6 മാസം കാത്തിരിക്കേണ്ട നിയമപരമായ ബാധ്യതയും ആവശ്യമില്ലെന്നും, ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ദാമ്പത്യം വീണ്ടെടുക്കാനാകാത്ത തകര്‍ച്ചയിലെത്തിയാല്‍ വിവാഹബന്ധം വേര്‍പെടുത്താമെന്നും കോടതി പറഞ്ഞു. ജീവനാംശം ഉള്‍പ്പെടെയുള്ള മറ്റ് വ്യവസ്ഥകളും കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

    ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനുള്ള നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ഒഴിവാക്കാനാകുമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ചിലേക്ക് പരാമര്‍ശിച്ച കേസിലെ പ്രധാന പ്രശ്നം. ഏഴ് വര്‍ഷം മുമ്പ് ജസ്റ്റിസുമാരായ ശിവകീര്‍ത്തി സിങ്, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കൈമാറിയത്.

    No comments

    Post Top Ad

    Post Bottom Ad