Header Ads

  • Breaking News

    'മുസ്ലീമാണോ..? വീടില്ല... ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു'; അനുഭവം പങ്കുവെച്ച് പിവി ഷാജി കുമാർ




    വാടക വീട് നോക്കാനെത്തെിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് കഥാകൃത്തും സിനിമാ തിരക്കഥാകൃത്തുമായ പിവി ഷാജികുമാർ. പേര് കേട്ടപ്പോൾ മുസ്ലീങ്ങൾക്ക് വീട് നൽകില്ലെന്ന് ഓണർ പറഞ്ഞിട്ടുണ്ടെന്ന ബ്രോക്കറുടെ മറുപടിയാണ് ഷാജികുമാർ പങ്കുവെച്ചത്. ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നുവെന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എഴുത്തുകാരൻ പറയുന്നു.

    കളമശ്ശേരിയിലെ ഹൗസിങ് കോളനിയിലാണ് വീട് നോക്കാൻ എത്തിയത്. പേര് എന്താണെന്നുള്ള ബ്രോക്കറുടെ ചോദ്യത്തിന് ‘ഷാജി’ എന്ന് മറുപടി നൽകിയപ്പോൾ അയാളുടെ മുഖം ചുളിഞ്ഞെന്നും മുസ്ലീമാണോ എന്ന് മറുചോദ്യം ചോദിച്ചുവെന്നും കുറിപ്പിൽ പറയുന്നു. “ഒന്നും വിചാരിക്കരുത് , മുസ്ലീങ്ങൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നത്..” എന്നായിരുന്നു ബ്രോക്കറുടെ മറുപടി.

    ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാൻ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയിൽ പോയി.
    ബ്രോക്കർ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തിൽ നിൽക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നിൽ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തിൽ പടമായിട്ടുണ്ട്. മുറികൾ നോക്കുമ്പോൾ ബ്രോക്കർ ചോദിക്കുന്നു.
    “പേരേന്താ..?”
    “ഷാജി”
    അയാളുടെ മുഖം ചുളിയുന്നു.
    “മുസ്ലീമാണോ..?”
    ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കുന്നു.
    “ഒന്നും വിചാരിക്കരുത് , മുസ്ലീങ്ങൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നത്..”
    “ഓ… ഓണർ എന്ത് ചെയ്യുന്നു..”
    “ഇൻഫോപാർക്കിൽ.. കമ്പ്യൂട്ടർ എഞ്ചിനിയറാ..”
    “ബെസ്റ്റ്..”
    ഞാൻ സ്വയം പറഞ്ഞു.
    ഇപ്പോഴും അയാൾ എന്റെ മതമറിയാൻ കാത്തുനിൽക്കുകയാണ്.
    ഷാജിയെന്നത് സർവ്വമതസമ്മതമുള്ള പേരാണല്ലോ..
    മുമ്പും രണ്ട് വട്ടം വീട് നോക്കാൻ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസിൽ നിന്ന് കളഞ്ഞതാണ്…
    “എനിക്ക് വീട് വേണ്ട ചേട്ടാ…”
    ഞാൻ ഇറങ്ങുന്നു.
    ചുമരിലെ പാവം യേശു എന്നോട് പറയുന്നു.
    “ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു…”



    No comments

    Post Top Ad

    Post Bottom Ad