കലാപശ്രമം ചുമത്തി ഗുസ്തി താരങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍; പ്രതിഷേധം ശക്തമാകുന്നു
ദില്ലി: ദില്ലിയില്‍ കഴിഞ്ഞ ദിവസം നടന്ന ഗുസ്തിക്കാരുടെ പ്രതിഷേധത്തിന്റെ സംഘാടകര്‍ക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെയാണ് ഐ പി സിയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
'ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ക്കും പ്രതിഷേധത്തിന്റെ മറ്റ് സംഘാടകര്‍ക്കുമെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി കുറച്ച് ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ പ്രതിഷേധവുമായി എത്തിയിരുന്നു, അവര്‍ക്ക് അനുമതി നിഷേധിച്ച് തിരിച്ചയച്ചു'- ദില്ലി പൊലീസ് അറിയിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പ്രതിഷേധിച്ച ഗുസ്തിക്കാരെ പൊലീസ് തടഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ദില്ലി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടികളിലേക്ക് കടന്നത്. പൊലീസ് നടപടിക്കെതിരെ വിനേഷ് ഫോഗട്ട് പ്രതികരിച്ചത് ഇങ്ങനെയാണ് 'ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷണെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ ദില്ലി പൊലീസ് ഏഴ് ദിവസമെടുത്തു, എന്നാല്‍ സമാധാനപരമായ പ്രതിഷേധം നടത്തിയതിന് ഞങ്ങള്‍ക്കെതിരെ എഫ് ഐ ആര്‍ എടുക്കാന്‍ ഏഴ് മണിക്കൂര്‍ പോലും വേണ്ടി വന്നില്ല'
No comments
Post a Comment