കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം നാളെ
ധർമ്മശാല : കണ്ണൂർ ഗവ. എൻജിനിയറിങ് കോളജിൽ നിർമാണം പൂർത്തിയാക്കിയ ലൈബ്രറി സമുച്ചയം ചൊവ്വാഴ്‌ച നാടിന് സമർപ്പിക്കും. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അത്യാധുനിക സൗകര്യത്തോടെ നാലുനിലകളിലായി നിർമിച്ച കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ലൈബ്രറി സമുച്ചയമാണ് ധർമശാലയിൽ പൂർത്തിയായത്. 1986 ലാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഉത്തരകേരളത്തിൽ ആദ്യത്തെ എൻജിനിയറിങ് കോളേജ് തുടങ്ങിയത്. നിലവിൽ 37 ഗവേഷണ വിദ്യാർഥികളും 150 ബിരുദാനന്തര ബിരുദ വിദ്യാർഥികളും 1600 ബിടെക് വിദ്യാർഥികളുമാണ് കോളേജിലുള്ളത്.
പഠിച്ചിറങ്ങുന്ന 300 വിദ്യാർഥികൾക്ക് നാനൂറിലേറെ തൊഴിലവസരങ്ങളാണ് തേടിയെത്തുന്നത്. പരിമിതമായ സൗകര്യത്തിലാണ് ഇപ്പോൾ ലൈബ്രറി പ്രവർത്തിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 13 കോടി ചെലവഴിച്ചാണ് 52,875 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള ലൈബ്രറി കെട്ടിടം നിർമിച്ചത്. കോളേജ് ഓഡിറ്റോറിയത്തിന് സമീപത്തായി നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ ഡിജിറ്റൽ ലൈബ്രറി, റീഡിങ് ഹാൾ, റഫറൻസ് ഏരിയ, ലൈബ്രറി ഓഫീസ്, വായനാ മുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാലിന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. എം.വി. ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനാവും.
No comments
Post a Comment