Header Ads

  • Breaking News

    1.17 ലക്ഷം ചതുരശ്ര മീറ്റര്‍, 950 മുറികള്‍; ലോകത്തെ ഏറ്റവും വലിയ മ്യൂസിയം ഡല്‍ഹിയില്‍ ഒരുങ്ങുന്നു







    ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം തലസ്ഥാന നഗരിയിലൊരുങ്ങുന്നു. ഡല്‍ഹിയില്‍ നിലവിലുള്ള ദേശീയ മ്യൂസിയത്തിന് പകരമായിട്ടായിരിക്കും യുഗേ യുഗീന്‍ ഭാരത് മ്യൂസിയം എന്ന് പേരിട്ടിരിക്കുന്ന മ്യൂസിയം തയ്യാറാവുക. 5000 വര്‍ഷത്തെ ഇന്ത്യയുടെ കഥ പറയുന്ന പ്രദര്‍ശനങ്ങളായിരിക്കും മ്യൂസിയത്തില്‍ ഉണ്ടാവുക. 
    കഴിഞ്ഞ അന്താരാഷ്ട്ര മ്യൂസിയം ദിനത്തിലാണ് യുഗേ യുഗീന്‍ ഭാരത് മ്യൂസിയം പ്രൊജക്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. 1.17 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരു ബേസ്മെന്റിലും മൂന്ന് നിലകളിലുമായാണ് മ്യൂസിയം ഒരുങ്ങുന്നത്. മ്യൂസിയത്തിന് 950 മുറികളും ഉണ്ടാകും. 
    തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് നോര്‍ത്ത്, സൗത്ത് ബ്ലോക്കിലായാണ് മ്യൂസിയം നിര്‍മ്മിക്കുക. നിരവധി ലോകോത്തര മ്യൂസിയങ്ങളുള്ള ഫ്രാന്‍സിന്റെ സഹകരണത്തോടെയാണ് ഡല്‍ഹിയിലെ പുതിയ മ്യൂസിയം നിര്‍മിക്കുന്നത്. പ്രധാനമന്ത്രിയുടെ പാരീസ് സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച് ധാരണയിലെത്തിയതായാണ് വിവരം. 
    ഭാരതീയ കല, വാസ്തുവിദ്യ, സംഗീതം, നൃത്തം, സാഹിത്യം, തത്ത്വചിന്ത എന്നിവയെ കുറിച്ചുള്ള വിശദമായ പ്രദര്‍ശനങ്ങള്‍ മ്യൂസിയത്തിലുണ്ടാകും. ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതശാസ്ത്രം എന്നീ മേഖലകളില്‍ ഇന്ത്യയുടെ സംഭാവനകളും വേദങ്ങള്‍, ഉപനിഷത്തുകള്‍, പ്രാചീന വൈദ്യശാസ്ത്രം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും മ്യൂസിയത്തിലുണ്ടാവും. 
    രാജ്യത്തിന്റെ സംസ്‌കാരിക വൈവിധ്യവും വ്യത്യസ്തങ്ങളായ സസ്യ ജന്തുജാല സമ്പത്തും മ്യൂസിയത്തിന്റെ ഭാഗമാവും. സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള വിശദമായ പ്രദര്‍ശനങ്ങളും പുതിയ മ്യൂസിയത്തില്‍ ഇടംപിടിക്കും. മ്യൂസിയത്തില്‍ ഇന്ത്യയെ കുറിച്ചുള്ള എട്ട് തീമാറ്റിക് സെഗ്മെന്റുകള്‍ ഉണ്ടാകും. ഇതില്‍ പുരാതന ഇന്ത്യ പുരാതന കാലം മുതല്‍ മധ്യകാലഘട്ടം വരെയുള്ള ഇന്ത്യ, മധ്യകാലം, മധ്യകാലഘട്ടം മുതല്‍ പരിവര്‍ത്തന ഘട്ടം വരെ, ആധുനിക ഇന്ത്യ, കൊളോണിയല്‍ ഭരണം, സ്വാതന്ത്ര്യ സമരം, സ്വാതന്ത്ര്യം ലഭിച്ച 1947 മുതല്‍ ഇതുവരെയുള്ള കാലം എന്നിവ ഉള്‍പ്പെടും.

    No comments

    Post Top Ad

    Post Bottom Ad