യാത്രക്കാരെ പിഴിഞ്ഞ് പയ്യന്നൂർ റെയിൽവേ മേൽപാലം, ടോൾ പിരിവ് 2028ലും നിർത്തില്ലെന്ന് അധികൃതർ
പയ്യന്നൂർ: യാത്രക്കാരെ പിഴിഞ്ഞ് പയ്യന്നൂർ റെയിൽവേ മേൽപാലം ടോൾ പിരിവ്; 2028ലും പിരിവ് അവസാനിപ്പിക്കാനാകില്ലെന്ന് അധികൃതർ. പാലം നിർമിക്കാൻ ചെലവായ തുക അഞ്ചു വർഷത്തിനുള്ളിൽ റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനു ലഭിച്ചില്ലെങ്കിൽ ടോൾ പിരിക്കൽ പിന്നെയും തുടരേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.
പയ്യന്നൂരിൽ നിന്ന് കാസർകോട് ജില്ലയിലേക്കും നാവിക അക്കാദമി ഉൾപ്പെട്ട രാമന്തളി പഞ്ചായത്തിലേക്കും കവ്വായി ദ്വീപിലേക്കും തൃക്കരിപ്പൂർ കടപ്പുറത്തേക്കും പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിലുമൊക്കെ പോകാനും തിരിച്ചു വരാനും കൊറ്റി റെയിൽവേ ഗേറ്റ് വലിയൊരു കുരുക്കായിരുന്നു. രോഗികളാണ് ഏറെ ദുരിതത്തിലായത്. ഈയൊരു സാഹചര്യത്തിലാണു മേൽപാലമെന്ന ആവശ്യമുയരുന്നത്.
എന്നാൽ, ആവശ്യം പരിഗണിച്ചില്ലെന്നു മാത്രമല്ല ഫണ്ടില്ലെന്നു പറഞ്ഞ് ഫയലുകൾ മടക്കുകയും ചെയ്തു. അങ്ങനെയാണ് കേരളത്തിൽ 27 മേൽപാലങ്ങളിൽ 17 മേൽപാലങ്ങൾ നിർമിക്കാൻ സർക്കാരിൽ നിന്നു 324 കോടി രൂപയുടെ പദ്ധതി സമർപ്പിച്ച് ആർ.ബി.ഡി.സി അംഗീകാരം നേടിയത്. ഈ പദ്ധതി നടപ്പാക്കാൻ 2009 ഒക്ടോബറിൽ ഫിനാഷ്യൽ റീസ്ട്രക്ചറിങ് പാക്കേജിൽ 212 കോടി രൂപ ഹഡ്കോയിൽ നിന്ന് വായ്പ അനുവദിക്കുകയും ചെയ്തു.
എന്നാൽ ഹഡ്കോ വായ്പ ലഭിക്കുന്നതിനു മുൻപ് പയ്യന്നൂർ ഉൾപ്പെടെ 5 മേൽപാലങ്ങളുടെ ടെൻഡർ നടപടി പൂർത്തിയായി. കൊൽക്കത്തയിലെ ജിപിടി ഇൻഫ്രാ പ്രോജക്ട് ലിമിറ്റഡിനെ നിർമാണ ചുമതല ഏൽപിക്കുകയും ചെയ്തു. 2010 സെപ്റ്റംബർ 14നു നിർമാണം തുടങ്ങി 3 വർഷം കൊണ്ട് നിർമാണം പൂർത്തീകരിച്ചു. T ആകൃതിയിലാണ് മേൽപാലം നിർമിച്ചത്. ഇതിനാവശ്യമായ സ്ഥലം 80 ലക്ഷം രൂപ നൽകി സംസ്ഥാന സർക്കാരാണ് ഏറ്റെടുത്തു കൈമാറിയത്. ടോൾപിരിക്കുമെന്ന് അന്നേ പറഞ്ഞു
ഹഡ്കോയിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കണമെന്നതിനാൽ ടോൾ പിരിവ് ഏർപ്പെടുത്തുമെന്ന് കോർപറേഷൻ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, അന്നത്തെ പയ്യന്നൂർ നഗരസഭാധ്യക്ഷനിൽനിന്നും രാമന്തളി പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും സമ്മതപത്രം എഴുതി വാങ്ങുകയും ചെയ്തു.
മേൽപാലം വരാൻ സമ്മതപത്രം ആവശ്യമായിരുന്നതിനാൽ അന്ന് ആരും എതിർത്തില്ല. 15.21 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. ആ തുക ലഭിക്കാൻ 2028 വരെ ടോൾ പിരിക്കാനാണ് അന്ന് അനുമതി നൽകിയത്. കാറുകൾക്ക് ഒരു ഭാഗത്തേക്ക് 5 രൂപയും ഇരുഭാഗത്തേക്കും 7.50 രൂപയും വലിയ വാഹനങ്ങൾക്ക് 10 രൂപയും 15 രൂപയുമാണ് ടോൾ നൽകേണ്ടത്.
പിരിവ് നീളും
പടന്നക്കാട് ഉൾപ്പെടെ നിരവധി മേൽപാലങ്ങളുടെ ടോൾ പിരിവ് സർക്കാർ നിർത്തിയപ്പോൾ പയ്യന്നൂരിലെ ടോൾ പിരിവും നിർത്തുമെന്നായിരുന്നു യാത്രക്കാരുടെ പ്രതീക്ഷ. എന്നാൽ ആർ.ബി.ഡി.സി നിർമിച്ച പാലങ്ങളുടെ ടോൾ പിരിവ് റദ്ദാക്കാൻ സർക്കാരിന് കഴിയില്ലെന്നു വിശദീകരണം വന്നതോടെ ആ പ്രതീക്ഷ അസ്തമിച്ചു.
2028 വരെ കാത്താൽ മതിയെന്ന പ്രതീക്ഷയ്ക്കും ഇപ്പോൾ മങ്ങലേൽക്കുകയാണ്. കാര-തലിച്ചാലം, തട്ടാർകടവ് പുഴകൾക്കു പാലം വന്നതോടെ തൃക്കരിപ്പൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ മേൽപാലം വഴി വരുന്നത് കുറഞ്ഞു. ഇപ്പോൾ പ്രധാന വരുമാനം സ്വകാര്യ ബസുകളിൽ നിന്നാണ്. 150 രൂപയിൽ താഴെ മാത്രമേ പലപ്പോഴും ടോൾ ലഭിക്കുന്നുള്ളൂ. ഇതു തുടർന്നാൽ 2028ലും ടോൾ പിരിവ് അവസാനിപ്പിക്കാനാവില്ലെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്.
നഷ്ടപ്പിരിവ്
ആർ.ബി.ഡി.സി ദിവസം 300 രൂപ മുതൽ 500 രൂപ വരെ നഷ്ടപ്പെടുത്തിയാണ് ടോൾ പിരിവ് നടത്തുന്നത്. ബസുകളും ലോറികളും ടോൾ നൽകുന്നില്ല. സ്വകാര്യ വാഹനങ്ങൾ ഭൂരിഭാഗവും ടോൾ നൽകുന്നില്ല. ഇതോടെ കരാറുകാർ ടോൾ പിരിവ് ഉപേക്ഷിച്ചുപോയി.
പുതിയ കരാറുകാരനെ കിട്ടാത്തതിനാൽ ഇപ്പോൾ ആർ.ബി.ഡി.സി നേരിട്ടാണ് ടോൾ പിരിക്കുന്നത്. ഒരു തൊഴിലാളി മാത്രമേയുള്ളൂ. അയാൾക്ക് 600 രൂപ ദിവസ വേതനം നൽകണം. പല ദിവസങ്ങളിലും 100 രൂപ മുതൽ 300 രൂപ വരെയാണു പിരിവു ലഭിക്കുന്നത്. ഇത് വേതനം നൽകാൻ പോലും തികയില്ല.
No comments
Post a Comment