അടയാളം: എന്റെ ആധാർ’ പദ്ധതിക്ക് തുടക്കമായി
ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ‘അടയാളം: എന്റെ ആധാർ’ പദ്ധതി കണ്ണൂർ പള്ളിക്കുന്ന് ജി എച്ച് എസ് എസിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം സ്‌കൂളിലെ കുട്ടികളുടെ ആധാർ പുതുക്കി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആധാറിൽ നിർബന്ധിത ബയോമെട്രിക് അപ്‌ഡേഷൻ പൂർത്തിയാക്കും. ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ പ്രത്യേക ക്യാമ്പുകൾ നടക്കും. അഞ്ച് വയസ്സ് വരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ്, പത്ത് വർഷത്തിൽ കൂടുതലായിട്ടുള്ള ആധാറിന്റെ പുതുക്കൽ,
തപാൽ വകുപ്പിന്റെ സുകന്യ സമൃദ്ധി യോജന പദ്ധതി, പോസ്റ്റൽ ബാങ്ക് അക്കൗണ്ട് എന്നിവയ്ക്ക് പ്രത്യേക ക്യാമ്പുകളുണ്ടാവും. സ്റ്റേറ്റ് ഐടി മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, തപാൽ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു തിരിച്ചറിയൽ രേഖ ഒട്ടനവധി സാധ്യതകൾ എന്ന തത്വത്തിൽ ഊന്നിയാണ് പദ്ധതി ആവിഷ്‌കരിച്ചത്. ആധാർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് നടപ്പാക്കിയ ട്രൈ-ഡി പദ്ധതി ജില്ലാ ഭരണകൂടം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
സ്‌കൂൾ പ്രിൻസിപ്പൽ സി യൂസഫ് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ വിൻസെൻറ് രാജു, കേരള സ്‌റ്റേറ്റ് ഐടി മിഷൻ ജില്ലാ പ്രൊജക്ട് മാജേനർ സി എം മിഥുൻകൃഷ്ണ, ഇന്ത്യ പോസ്റ്റ് പെയ്‌മെൻറ് ബാങ്ക് മാജേനർ റീഗൽ ശരത് തുടങ്ങിയവർ സംസാരിച്ചു. കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ അക്ഷയ പദ്ധതിയുടെ ഭാഗമായിട്ടുള്ള അക്ഷയ സംരംഭകർ, തപാൽ വകുപ്പ് എന്നിവർ ചേർന്നാണ് ആധാർ അധിഷ്ഠിത സേവനങ്ങൾ നൽകുന്നത്.
No comments
Post a Comment