കണ്ണൂരിനെ ബോംബ് ഭീഷണിയില്‍ നിന്ന് പത്തുവര്‍ഷത്തോളം സംരക്ഷിച്ച റൂബി; മാധ്യമങ്ങളില്‍ നിറഞ്ഞ താരം ഇനി വിശ്രാന്തിയില്‍
കണ്ണൂര്‍: ബോംബ് ഭീഷണി സാധാരണ സംഭവമായ കണ്ണൂരില്‍ മണത്തുകണ്ടുപിടിച്ച് അപകടമൊഴിവാക്കാൻ ഇനി റൂബിയുടെ സേവനം ലഭിക്കില്ല.
കണ്ണൂര്‍ സിറ്റി കെ9 സ്‌ക്വാഡിലെ എക്സ്‌പ്ലോസീവ് സ്നിഫര്‍ ഡോഗ് നമ്ബര്‍ 254 റൂബിയ്ക്ക് ഇനി തൃശൂര്‍ പൊലീസ് അക്കാഡമിയിലെ 'വിശ്രാന്തി'യില്‍ വിശ്രമകാലമാണ്.
രാഷ്ട്രീയ സംഘര്‍ഷ മേഖലകളിലെ ബോംബ് ഭീഷണിയില്‍ നിന്ന് കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കണ്ണൂരിനെ വലിയൊരളവില്‍ സംരക്ഷിച്ചത് ലാബ്രഡോര്‍ ഇനത്തില്‍ പെട്ട റൂബിയാണ്. ബോംബ് രാഷ്ട്രീയം കത്തിനിന്ന 2014 മുതലാണ് റൂബി കണ്ണൂരില്‍ ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായത്. വി.ഐ.പി, വി.വി.ഐ.പി. ഡ്യൂട്ടികളിലെ മികവും ഈ പൊലീസ് നായയുടെ പ്രത്യേകതയായിരുന്നു. തലശ്ശേരി, പാനൂര്‍ മേഖലകളില്‍ നടന്ന ശക്തമായ പൊലീസ് റെയ്‌ഡില്‍ ബോംബുകളും വടിവാളുകളും കണ്ടെത്തി റൂബി മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. സീനിയര്‍ സി.പി.ഒ.ജെയ്സണ്‍ ഫെര്‍ണാണ്ടസായിരുന്നു റൂബിയുടെ ഹാന്റ്ലര്‍.
രാഷ്ട്രീയ എതിരാളിയെ ഉന്മൂലനം ചെയ്യുന്നതിനായി ബോംബ് നിര്‍മ്മിക്കുന്ന നിരവധി പ്രദേശങ്ങള്‍ കണ്ണൂരിലുണ്ട്. പ്രയോഗിക്കപ്പെടും മുമ്ബ് നിര്‍മ്മാണവേളയില്‍ തന്നെ ബോംബുകള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളും പതിവാണ്. പാര്‍ട്ടി ഓഫീസുകളില്‍ നിന്നും പരിസരങ്ങളില്‍ നിന്നുമെല്ലാം പലപ്പോഴായി റൂബി ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്.
സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായുണ്ടാകുന്ന പൊലീസ് റെയ്ഡുകള്‍ക്കിടെ ഒളിപ്പിക്കുന്ന ബോംബുകള്‍ കുറ്റിക്കാട്ടിലും കുന്നിൻ ചെരിവുകളിലും അവശേഷിക്കുമ്ബോഴാണ് റൂബിയുടെ സേവനം സമൂഹത്തിന് വിലപ്പെട്ടതാകുന്നത്. ഉപേക്ഷിച്ച ബോംബുകള്‍ മൂലം തൊഴിലാളികള്‍ക്കും കുട്ടികള്‍ക്കുമടക്കം നിരപരാധികള്‍ക്കു പരിക്കേറ്റ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പൊലീസ് നായയുടെ സേവനം മൂല്യമുള്ളതാകുന്നത്.
വിശ്രാന്തി
പൊലീസില്‍ സേവനമനുഷ്ഠിച്ച നായ്ക്കളുടെ വിരമിക്കല്‍ കേന്ദ്രമാണ് വിശ്രാന്തി. മുമ്ബ് സേവനത്തിന് ശേഷം നായ്ക്കളെ ആളുകള്‍ക്ക് ദത്ത് എടുക്കാൻ അവസരമുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഈ സമ്ബ്രദായം നിര്‍ത്തലാക്കിയാണ് തൃശൂരില്‍ വിശ്രാന്തി ആരംഭിച്ചത്. പരിശീലനം ലഭിച്ച ഈ നായ്ക്കളെ ആളുകള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചേക്കാമെന്ന് കണക്കിലെടുത്താണ് പൊലീസ് കസ്റ്റഡിയില്‍ നായ്ക്കളെ പരിപാലിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.
ഡോഗ് സ്‌ക്വാഡ്
1959ല്‍ തിരുവനന്തപുരത്ത് മൂന്ന് അല്‍സേഷ്യൻ നായ്ക്കളുമായാണ് കേരളാ പൊലീസിന്റെ ഡോഗ് സ്‌ക്വാഡ് ആരംഭിച്ചത്. ഇപ്പോള്‍ ഓരോ ജില്ലയിലും നായ്ക്കളും അവയ്ക്കായി കെന്നല്‍ സൗകര്യങ്ങളും വകുപ്പിനുണ്ട്. ജര്‍മ്മൻ ഷെപ്പേര്‍ഡ്, ലാബ്രഡോര്‍ തുടങ്ങിയ സാധാരണ ഇനങ്ങളെ കൂടാതെ ബീഗിള്‍, ചിപ്പിപ്പാറ, കന്നി, ബെല്‍ജിയൻ മാലിനോയിസ് തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട 37 നായ്ക്കളെയും അടുത്തിടെ കെ 9 സ്‌ക്വാഡിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു.
No comments
Post a Comment