ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 97 വയസായിരുന്നു. അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞദിവസം അർധരാത്രിയോടെ നടുവട്ടത്തെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. 1925 സെപ്‌തംബർ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്‍റെയും മകനായാണ് വാസുദേവൻ നമ്പൂതിരിയുടെ ജനനം.
കുട്ടിക്കാലം മുതൽ ചിത്രം വരച്ച് തുടങ്ങിയ ആർട്ടിസ്റ്റ് നമ്പൂതിരി കൈവച്ച മേഖലയിലെല്ലാം ശോഭിച്ചു. വരയും പെയിന്‍റിങ്ങും ശിൽപ്പവിദ്യയിലുമെല്ലാം ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തിയാണ് വിടപറഞ്ഞത്. മദ്രാസ് ഫൈൻ ആർട്സ് കോളജിൽ നിന്നും ചിത്രകല പഠിച്ച ആർട്ടിസ്റ്റ് നമ്പൂതിരി രേഖാ ചിത്രകാരനായതോടെ പ്രശസ്തിയാർജിച്ചു.
വരയുടെ പരമശിവൻ എന്നായിരുന്നു വികെഎൻ ആർട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചിരുന്നത്. തകഴി, എംടി, ബഷീർ, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികൾക്കായി ചിത്രങ്ങള്‍ വരച്ചു.
എംടിയുടെ രണ്ടാമൂഴത്തിനും വികെഎന്നിന്‍റെ പിതാമഹനും നമ്പൂതിരി വരച്ച ചിത്രങ്ങൾ പ്രശസ്തമാണ്.
മോഹൻലാലിന്‍റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്‍റിങ് ഏറെ പ്രശസ്തമാണ്.
അരവിന്ദന്‍റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധായകനായും പ്രവർത്തിച്ചിരുന്നു. ഉത്തരായനത്തിന്‍റെ കലാസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. 2004ൽ കേരള ലളിതകലാ അക്കാദമി രാജാ രവിവർമ പുരസ്കാരം നൽകി ആദരിച്ചു. ഭാര്യ: മൃണാളിനി. മക്കൾ: പരമേശ്വരൻ, വാസുദേവൻ.
No comments
Post a Comment