Header Ads

  • Breaking News

    മണൽ മാഫിയ ബന്ധം; കണ്ണൂരിലെ ഏഴു പോലീസുകാരെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു



    കണ്ണൂര്‍: മണല്‍ മാഫിയയുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് 7 പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മണല്‍ മാഫിയ സംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ച രണ്ട് ഗ്രേഡ് എ.എസ്‌.ഐ മാരെയും അഞ്ചു സിവില്‍ പോലീസ് ഓഫീസര്‍മാരെയുമാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

    നിലവില്‍ കണ്ണൂര്‍ റേഞ്ചില്‍ ജോലി ചെയ്യുന്നവരാണ് എല്ലാവരും. ഗ്രേഡ് എ. എസ്. ഐ മാരായ പി.ജോയ് തോമസ്(കോഴിക്കോട് റൂറല്‍), സി.ഗോകുലന്‍ (കണ്ണൂര്‍ റൂറല്‍), സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എ നിഷാര്‍ (കണ്ണൂര്‍ സിറ്റി), എം.വൈ ഷിബിന്‍ (കോഴിക്കോട് റൂറല്‍), ടി.എം അബ്ദുല്‍ റഷീദ് (കാസര്‍ഗോഡ്), വി.എ ഷെജീര്‍(കണ്ണൂര്‍ റൂറല്‍), ബി.ഹരികൃഷ്ണന്‍ (കാസര്‍ഗോഡ്) എന്നിവരെയാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്.

    മണല്‍ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോര്‍ത്തി നല്‍കിയതിനുമാണ് നടപടി. ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പോലീസിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തല്‍ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.

    നേരത്തെ പോലീസുകാര്‍ ജോലിചെയ്തിരുന്ന സ്‌റ്റേഷനുകളിലെ പ്രവര്‍ത്തനം നിരീക്ഷിച്ചതിനു ശേഷമാണ് പിരിച്ചുവിടല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad