Header Ads

  • Breaking News

    കണ്ണൂരിൽ യാത്ര പോകാം, ഡയറക്ടറി നോക്കി




    കണ്ണൂർ : ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും സംരംഭങ്ങളുടെയും വിവരങ്ങളുമായി ഡയറക്ടറി തയ്യാറാവുന്നു. ഡിസ്‌ട്രിക്ട്‌ ടൂറിസം പ്രൊമോഷണൽ കൗൺസിലാണ്‌ ഇത്‌ തയ്യാറാക്കുന്നത്‌. സഞ്ചാരികൾക്കും സംരംഭകർക്കും പ്രയോജനകരമാവുന്നതരത്തിൽ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും വിവരം പുസ്‌തകരൂപത്തിൽ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം.

    എൽ.ഡി.എഫ്‌ സർക്കാർ വൻ വികസന പദ്ധതികളാണ്‌ ജില്ലയുടെ ടൂറിസം മേഖലയിൽ നടപ്പാക്കുന്നത്‌. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം പ്രതിവർഷം വർധിക്കുകയാണ്‌. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായുള്ള സംരംഭങ്ങൾ വൻ മുന്നേറ്റമാണുണ്ടാക്കിയത്‌. ഡി.ടി.പി.സി.ക്ക്‌ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്കൊപ്പം സ്വകാര്യ സംരംഭങ്ങളുടെയും വിവരങ്ങൾ ഡയറക്ടറിയിൽ ലഭ്യമാവും. ഉത്തരാവദിത്വ ടൂറിസം സംരംഭകർക്ക്‌ ഉൾപ്പടെയുള്ള വിവരങ്ങൾ സഞ്ചാരികളിലേക്ക്‌ എത്തിക്കാനുള്ള വഴിയൊരുക്കുകയാണ്‌ ഡയറക്ടറി. 

    ഹോംസ്റ്റേ, ഹോട്ടൽ, റിസോർട്ട്, ഹൗസ്ബോട്ട്, ട്രാവൽ ഏജൻസി, ടൂർ ഓപ്പറേറ്റർമാർ, കാർ റെന്റൽ സർവീസ്, റസ്റ്റോറന്റുകൾ, തീം പാർക്ക്, ആയുർവേദ സെന്റേഴ്സ്, ബോട്ട് ഓപ്പറേറ്റേഴ്‌സ്, സർവീസ് വില്ലകൾ, സുവനീർ മേക്കേഴ്‌സ്, കര കൗശല, കൈത്തറി യൂണിറ്റുകൾ, ടൂറിസം ഗൈഡുകൾ, സാഹസിക ടൂർ ഓപ്പറേറ്റേഴ്‌സ് തുടങ്ങിയവർക്കെല്ലാം ഡയറക്ടറിയിൽ വിവരങ്ങൾ നൽകാം. പറശ്ശിനിക്കടവുൾപ്പടെയുള്ള പ്രധാന സ്ഥലങ്ങളുടെ വിവരണശേഖരണം ഡി.ടി.പി.സി നടത്തും. ഡി.ടി.പി.സി ആദ്യമായാണ്‌ ജില്ലയിലെ വിനോദസഞ്ചാരസംരംഭങ്ങളെക്കുറിച്ച്‌ ഡയറക്ടറി പുറത്തിറക്കുന്നത്‌. മഴമാറി വിനോദസഞ്ചാര മേഖല വീണ്ടുമുണരുന്ന സെപ്‌തംബർ മാസത്തിൽ ഡയറക്ടറി പുറത്തിറക്കാനാണ്‌ ശ്രമമെന്ന്‌ ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ്‌ കുമാർ പറഞ്ഞു. ഡയറക്ടറി പുസ്‌തകരൂപത്തിലും വെബ്‌സൈറ്റിൽ ഇ–പതിപ്പായും പുറത്തിറക്കും. 
     
     ടൂറിസം സംരഭകർക്ക് www.dtpckannur.com എന്ന വെബ്സൈറ്റിലെ ജില്ലാ ടൂറിസം ഡയറക്ടറി എന്ന ലിങ്ക് വഴി ഓൺലൈനായി വിവരങ്ങൾ നൽകാവുന്നതാണ്. ഫോൺ: 0497-2960336, 2706336, 9447564545. 

    No comments

    Post Top Ad

    Post Bottom Ad