തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് റോഡുകളിലെ നവീകരണം: നീളുന്ന പണി 'പണിയായി
തലശ്ശേരി: നിരവധി വിദ്യാലയങ്ങളും നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളും, ആശുപത്രിയും, വിനോദ സഞ്ചാര കേന്ദ്രവുമെല്ലാമുള്ള പഴയ ബസ് സ്റ്റാൻഡിലെ വീതിയേറിയ റോഡുകളുടെ നവീകരണം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കും വിധം ഇഴഞ്ഞു നീങ്ങുന്നു. തുറമുഖ വകുപ്പിൽ നിന്നും ലഭിച്ച രണ്ടരക്കോടിയും എഗ്ലോമറേഷൻ ഫണ്ടിൽ നിന്നും നീക്കിവച്ച 22 ലക്ഷവും വിനിയോഗിച്ച് നടത്തുന്ന തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ രണ്ട് റോഡുകളുടെ നവീകരണവും സൗന്ദര്യവൽക്കരണവും മഴ തിമർത്ത് പെയ്യുമ്പോഴും പൂർത്തിയായില്ല. കഴിഞ്ഞ മാർച്ചിൽ തീരേണ്ടതായിരുന്നു. രണ്ടു ഘട്ടങ്ങളിലായുള്ള ഡ്രൈനേജ് കുഴി കുത്തലും മൂടലും ജനുവരിയിൽ തുടങ്ങിയതാണ്
.
കരാറുകാരുടെ നിരുത്തരവാദിത്വവും, സാങ്കേതികത്വവുമാണ് മാസം അഞ്ച് കഴിഞ്ഞിട്ടും പ്രവൃത്തി എങ്ങുമെത്താത്തതിന് കാരണം. ഇടയിൽ വന്ന ക്വാറി സമരം കാരണം മെറ്റൽ കിട്ടാതായതോടെ ഏതാനും ദിവസം ഒന്നും ചെയ്യാനായിരുന്നില്ല. പിന്നീട് മുക്കാൽ ഭാഗം പണി കഴിയുന്നതിനിടയിൽ ഒന്നാമത്തെ കരാറുകാരൻ ഉടക്കി.തുറമുഖ വകുപ്പുകാർ ഇയാളെ മാറ്റി വേറെയാളെ ഏൽപിച്ചു. പ്രസ്തുത നടപടി ആദ്യ കരാറുകാരൻ കോടതിയിൽ ചോദ്യം ചെയ്തതോടെ വീണ്ടും അനിശ്ചിതത്വമായി. ഇതോടെ ഇരുവരെയും ഒഴിവാക്കി.
നിലവിൽ മൂന്നാമത്തെ കരാറു കമ്പനിയാണിപ്പോൾ പണി ചെയ്യുന്നത്. ദൃഢതയുള്ള കോൺക്രീറ്റിൽ വീതി കൂട്ടിയാണ് എം.ജി റോഡും ആശുപത്രി റോഡും ഒരുക്കിയത്. എന്നാൽ അനുബന്ധമായി ചെയ്തു തീർക്കേണ്ട രണ്ട് റോഡുകളുടെയും അരികുകളിൽ ഇന്റർലോക്ക് സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ബാക്കിയായത്. ശരിയാക്കാൻ വീണ്ടും കുഴി ഭൂനിരപ്പിൽ നിന്ന് ഒരടിയോളം ഉയരത്തിൽ ആധുനിക സാങ്കേതിക വിദ്യയിൽ പണിത കോൺക്രീറ്റ് റോഡിൽ നിന്നും മഴവെള്ളം അരികിലെ ഓവുചാലിലേക്ക് എത്താൻ പാകത്തിലാവണം അരിക് കെട്ടൽ. മുൻ കരാറുകാർ ഇത് ചെയ്ത രീതി ശരിയല്ലാത്തതിനാൽ പുതിയ കരാർ കമ്പനിയായ പിക്കോസിന്റെ തൊഴിലാളികൾ പലയിടത്തും പ്രത്യേക മാൻഹോളുകൾ പണിയുകയാണിപ്പോൾ. മഴ ശക്തമാവുന്നതിന് മുൻപ് പണി പൂർത്തിയാക്കാനായില്ലെങ്കിൽ കാൽനട യാത്ര പോലും അസാദ്ധ്യമാകും.
ആയിരക്കണക്കിന് വിദ്യാർത്ഥികൾ പല വിദ്യാലയങ്ങളിലേക്കായി കടന്നുപോകുന്ന വഴിയാണിത്.ഓട്ടോ സ്റ്റാൻഡിനെ വെള്ളത്തിൽ മുക്കിഇരു ഭാഗങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളും മാസങ്ങളായി ദുരിതത്തിലാണ്. അതിനാൽ ജോലിക്ക് വേഗം കൂട്ടുന്നുണ്ട്. എങ്കിലും നീങ്ങുന്നില്ല. ഓട്ടോ സ്റ്റാൻഡിലുമുണ്ട് സാങ്കേതിക പ്രശ്നങ്ങൾ. ഇവിടെ കോൺക്രീറ്റ് റോഡ് ഉയർന്നതിനാൽ മഴവെള്ളം ഇറങ്ങിയെത്തുന്നത് താഴ്ചയിലുള്ള ഓട്ടോ ട്രാക്കിലാണ് . ആദ്യ മഴയിൽ തന്നെ ഇത് അനുഭവപ്പെടുകയുണ്ടായി. പണി ഇഴഞ്ഞ് പോകുന്നതിൽ നഗരസഭാ കൗൺസിൽ യോഗത്തിലും ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു.
No comments
Post a Comment