നിരവധി നാർക്കോട്ടിക് കേസുകളിലെ പ്രതി തലശ്ശേരി എക്സൈസിന്റെ പിടിയിൽ
കഞ്ചാവുമായി നിരവധി നാർക്കോട്ടിക് കേസുകളിലെ പ്രതി പിടിയിൽ. തലശ്ശേരി എക്സൈസ് റെയിഞ്ച് പ്രിവന്റിവ് ഓഫീസർ സുധീർവിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് തലശ്ശേരി ഗവ: ഹോസ്പിറ്റലിന് കിഴക്ക് ഭാഗത്തുള്ള മൂപ്പൻസ് റോഡിലുള്ള കടയുടെ മുൻവശം വെച്ച് പ്രതിയെ പിടികൂടിയത്.ഇയാളിൽ നിന്നും 23 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ധർമ്മടം കോർണേഷൻ സ്കൂളിനടുത്ത് അറക്കലകത്ത് വീട്ടിൽ ഖലീലിനെയാണ് അറസ്റ്റ് ചെയ്തത്. എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. കണ്ണൂർ, കോഴിക്കോട്, ജില്ലകളിലെയും പോണ്ടിച്ചേരി സംസ്ഥാനത്തെയും നിരവധി നാർക്കോട്ടിക് കേസ്സുകളിൽ ശിക്ഷ അനുഭവിച്ച ആളാണ് ഖലീൽ . ഇയാൾ കർണ്ണാടകയിലെ മരിയാൽ ഗുഡിയിൽ നിന്ന് കഞ്ചാവും , എം.ഡി.എം.എ മയക്കു മരുന്നും തലശ്ശേരിയിൽ എത്തിച്ച് വിൽപ്പന നടത്താറുണ്ടെന്ന് എക്സൈസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
തലശ്ശേരി എക്സൈസ് സംഘം കുറെ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. തലശ്ശേരി ഗവ. ഹോസ്പിറ്റലിന്റെ മാർക്കറ്റ് പരിസരത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതി സാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഷിബു വി കെ, സിഇഒമാരായ രതീഷ് സിപി, ബൈജേഷ് കെ, ഫൈസൽ വി കെ, വനിത സിഇഒ ഐശ്വര്യ പി പി എന്നിവരും ഉണ്ടായിരുന്നു.
No comments
Post a Comment