Header Ads

  • Breaking News

    അതിഥിത്തൊഴിലാളി രജിസ്‌ട്രേഷൻ; തീവ്രയജ്ഞം ഇന്ന്‌ തുടങ്ങും



    തിരുവനന്തപുരം : സംസ്ഥാനത്ത്‌ എത്തുന്ന മുഴുവൻ അതിഥിത്തൊഴിലാളികളെയും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും. അതിഥി പോർട്ടൽ വഴി രജിസ്‌ട്രേഷൻ സമ്പൂർണമാക്കാൻ ഉദ്യോഗസ്ഥർ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.

    രജിസ്‌ട്രേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമെങ്കിൽ മറ്റുവകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതൽ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തും. അതിഥിത്തൊഴിലാളികൾ കൂട്ടമായെത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ രജിസ്ട്രേഷൻ ഹെൽപ്‌ ഡെസ്‌കുകൾ സജ്ജമാക്കുന്ന കാര്യം പരിഗണിക്കും.

    സംസ്ഥാനത്താകെയുള്ള തൊഴിൽ ഓഫീസുകളിലും വർക്ക്സൈറ്റുകളിലും ലേബർക്യാമ്പുകളിലും രജിസ്റ്റർചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്‌. അതിഥിത്തൊഴിലാളികൾക്കും അവരുടെ കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. athidhi.lc.kerala.gov.in  പോർട്ടലിൽ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. പോർട്ടലിൽ പ്രാദേശിക ഭാഷകളിൽ നിർദേശം ലഭ്യമാണ്. നൽകിയ വ്യക്തിവിവരങ്ങൾ എൻട്രോളിങ്‌ ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് യുണീക് ഐ.ഡി അനുവദിക്കുന്നതോടെ നടപടി പൂർത്തിയാകും.

    അതിഥിത്തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും സാമൂഹിക സുരക്ഷ ഉറപ്പാക്കലുമാണ് ലക്ഷ്യമിടുന്നതെന്ന് ലേബർ കമീഷണർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. ആവാസ് ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും രജിസ്‌ട്രേഷൻ വഴി ലഭിക്കുന്ന യുണീക് ഐ.ഡി നിർബന്ധമാക്കുമെന്നും കരാറുകാരും തൊഴിലുടമകളും തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു. അതിഥിത്തൊഴിലാളി രജിസ്‌ട്രേഷൻ കൂടുതൽ എളുപ്പമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള അതിഥി മൊബൈൽ ആപ് അന്തിമഘട്ടത്തിലാണ്. അത് പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലാളികൾക്ക് പോർട്ടലിലോ ആപ്പിലോ രജിസ്റ്റർ ചെയ്യാം.



    No comments

    Post Top Ad

    Post Bottom Ad