പയ്യന്നൂർ റെയിൽവേ സ്‌റ്റേഷൻ വികസനോദ്ഘാടനം
പയ്യന്നൂർ : അമൃത് ഭാരത് പദ്ധതിയില് ഉള്പ്പെടുത്തി വികസിപ്പിക്കുന്ന പയ്യന്നൂര് റെയില്വേ സ്റ്റേഷനിലെ വികസന പ്രവര്ത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനംചെയ്തു. പയ്യന്നൂര് റെയില്വേ സ്റ്റേഷനില് നടന്ന ചടങ്ങില് ടി ഐ മധുസൂദനന് എംഎല്എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, പയ്യന്നൂര് നഗരസഭാ ചെയര്മാൻ കെ വി ലളിത, സ്വാതന്ത്ര്യസമര സേനാനി വി പി അപ്പുക്കുട്ട പൊതുവാള്, ഏഴിമല നാവിക അക്കാദമി കമ്യൂണിക്കേഷന്സ് ഓഫീസര് ലഫ്. കമാന്ഡര് കൗശല് കുമാര്, പെരിങ്ങോം സിആര്പിഎഫ് കേന്ദ്രം ഡിഐജി പി പി പൗളി, റെയില്വേ ചീഫ് പ്രൊജക്ട് ഓഫീസര് എസ് ജയകൃഷ്ണന്, സീനിയര് ഡിവിഷണല് കൊമേഴ്സ്യല് മാനേജര് ഡോ. കെ അരുണ് തോമസ്, നഗരസഭ കൗണ്സിലര്മാരായ ടി പി സമീറ, എം പ്രസാദ് തുടങ്ങിയവര് സംസാരിച്ചു.
അമൃത് ഭാരത് പദ്ധതിയില് ഉള്പ്പെടുത്തി വികസന പ്രവര്ത്തനങ്ങള് നടത്തുന്ന ജില്ലയിലെ ഏക റെയില്വേ സ്റ്റേഷനും കാസര്കോട് പാര്ലമെന്റ് മണ്ഡലത്തിലെ രണ്ടാമത്തെ സ്റ്റേഷനുമാണ് പയ്യന്നൂരിലേത്. 32.2 കോടി രൂപയാണ് വികസന പ്രവര്ത്തനങ്ങള്ക്ക് അനുവദിച്ചത്. പുതിയ സൈനേജുകളും ബോർഡുകളും സ്റ്റേഷൻ പരിസരത്ത് പ്രദർശിപ്പിക്കും. ട്രെയിൻ ഷെഡ്യൂൾ, പ്ലാറ്റ്ഫോം മാറ്റം, അവശ്യ യാത്രാവിവരം എന്നിവയെക്കുറിച്ചുള്ള അപ്ഡേറ്റുകൾ നൽകി സംയോജിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം നടപ്പാക്കും. കാത്തിരിപ്പ് ഹാളുകളും ടോയ്ലറ്റുകളും ശുചിത്വമുള്ളതാക്കും. പ്ലാറ്റ് ഫോമുകളിൽ മേൽക്കൂര സ്ഥാപിക്കും. പുതിയ ഫുട്ട് ഓവർ ബ്രിഡ്ജും (എഫ്ഒബി) മൂന്ന് ലിഫ്റ്റുകളും സജ്ജമാക്കും.
No comments
Post a Comment