ചക്രവാതച്ചുഴി: കേരളത്തിൽ ഇന്നും ശക്തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മീൻ പിടിത്തത്തിന് വിലക്കുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദമായി മാറും. പിന്നീട് ഇത് കൂടുതൽ ശക്തിപ്രാപിക്കും. വടക്കൻ കർണാടക തീരപ്രദേശത്തിന് മുകളിൽ ചക്രവാതച്ചുഴിയും തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതാണ് മഴക്ക് കാരണം.
വടക്കൻ മധ്യപ്രദേശിന് മുകളിലും മ്യാന്മാറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായും ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്.
No comments
Post a Comment