വിദേശ നിര്‍മ്മിത വിദേശ മദ്യം; 12 ശതമാനം വരെ വില കൂടും; ഒക്ടോബര്‍ മൂന്നിന് പ്രാബല്യത്തില്‍
തിരുവനന്തപുരം: വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില 12 ശതമാനം വരെ ഉയരും. ബവ്‌കോ ലാഭവിഹിതം ഉയര്‍ത്തിയതാണ് കാരണം. ഒക്ടോബര്‍ മൂന്നിന് പുതിയ വില പ്രാബല്യത്തില്‍ വരും. മദ്യകമ്പനികള്‍ നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിന്‍ 5 ശതമാനത്തില്‍ നിന്നും 14 ശതമാനമായും ഷോപ്പ് മാര്‍ജിന്‍ 20 ശതമാനമായും ഉയര്‍ത്താനാണ് ബവ്‌കോയുടെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ വെയര്‍ഹൗസ് മാര്‍ജിന്‍ 14 ശതമാനമാക്കിയെങ്കിലും ഷോപ്പ് മാര്‍ജിന്‍ 6 ശതമാനം മതിയെന്നാണ് ബവ്‌കോ ഭരണസമിതി യോഗം തീരുമാനിച്ചത്.
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍ക്കുമ്പോള്‍ വെയര്‍ഹൗസ് മാര്‍ജിനായി 9 ശതമാനവും ഷോപ്പ് മാര്‍ജിനായി 20 ശതമാനവും ബവ്‌കോയ്ക്ക് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശനിര്‍മ്മിത വിദേശ മദ്യത്തിന്റെ മാര്‍ജിന്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഈ വിധമായിരുന്നെങ്കില്‍ കുപ്പിക്ക് 26 ശതമാനം വരെ വില ഉയരുമായിരുന്നു. എന്നാല്‍ കേരളത്തില്‍ ആകെ വില്‍ക്കുന്ന മദ്യത്തിന്റെ 0.25 ശതമാനം മാത്രമാണ് വിദേശനിര്‍മ്മിത വിദേശമദ്യം എന്ന സാഹചര്യത്തില്‍ കൂടിയാണ് വില വര്‍ധനവ് വേണ്ടെന്ന അഭിപ്രായം ഉയര്‍ന്നത്.
നിലവില്‍ 1,800 രൂപ മുതലാണ് കേരളത്തില്‍ വിദേശ നിര്‍മ്മിത മദ്യം ലഭ്യമാകുന്നതെങ്കില്‍ ഇനി 2,500 രൂപയില്‍ താഴെയുള്ള ബ്രാന്‍ഡ് ഉണ്ടാകില്ല. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വിതരണം ചെയ്യുന്ന കമ്പനികളുടെ ദീര്‍ഘകാലം കൂടിയുള്ള ആവശ്യം കൂടിയാണിത്.
No comments
Post a Comment