കുട്ടികളിലെ കുഷ്ഠരോഗബാധ തടയാൻ ബാലമിത്ര 2.0 ക്യാമ്പയിൻ
കണ്ണൂർ : ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി കുട്ടികളിലെ കുഷ്ഠരോഗബാധ കണ്ടുപിടിക്കുകയെന്ന ലക്ഷ്യത്തോടെ 20 മുതൽ നവംബർ 30 വരെ ബാലമിത്ര 2.0 ക്യാമ്പയിൻ നടപ്പാക്കുന്നു. രോഗബാധ പ്രാരംഭത്തിലേ കണ്ടുപിടിച്ച് ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.
2023 ഏപ്രിൽ മുതൽ ഇതുവരെ ജില്ലയിൽ 13 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതിൽ ഒമ്പത് പേർക്ക് രോഗാണു സാന്ദ്രത കൂടിയ മൾട്ടി ബാസിലറി വിഭാഗത്തിൽപെടുന്ന രോഗമാണ്. മൂന്ന് പേർക്ക് രോഗാണുസാന്ദ്രത കുറഞ്ഞ പോസി ബാസിലറി. മറ്റ് വിഭാഗത്തിൽ ഒന്നും.
ഇവരെല്ലാവരും മുതിർന്നവരാണ്. നിലവിൽ ജില്ലയിൽ 52 പേർ ചികിത്സയിലുണ്ട്. ഇതിൽ 43 എണ്ണം മൾട്ടി ബാസിലറിയും ഒമ്പതെണ്ണം പോസി ബാസിലറിയുമാണ്. ഇവരിൽ രണ്ട് പേർ കുട്ടികളാണ്. ഒരാൾക്ക് മൾട്ടി ബാസിലറിയും മറ്റെയാൾക്ക് പോസി ബാസിലറിയുമാണ്. മൈക്കോ ബാക്റ്റീരിയം ലെപ്രേ എന്ന രോഗാണുവാണ് കുഷ്ഠരോഗം ഉണ്ടാക്കുന്നത്. പ്രധാനമായും വായുവിലൂടെയാണ് പകരുന്നത്. ഭൂരിഭാഗം പേർക്കും സ്വാഭാവിക പ്രതിരോധശേഷി ഉള്ളതിനാൽ രോഗസാധ്യത കുറവാണ്.
ക്യാമ്പയിന്റെ ഭാഗമായി മൂന്ന് മുതൽ 18 വയസ്സ് വരെയുള്ള സ്‌കൂൾ, അങ്കണവാടി കുട്ടികളുടെ ത്വക്ക് പരിശോധന നടത്തും. ഇതിനായി അധ്യാപർക്ക് പരിശീലനം നൽകും.
ആരോഗ്യ പ്രവർത്തകർ കുട്ടികളുടെ വീടുകളിലെത്തി പരിശോധിച്ച് തുടർന്നുള്ള രോഗനിർണയവും ചികിത്സയും ഉറപ്പാക്കും. ക്യാമ്പയിനുമായി ബന്ധപ്പെട്ട ഇന്റർ സെക്ടറൽ യോഗം അസി. കലക്ടർ അനൂപ് ഗാർഗിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്നു.
No comments
Post a Comment