Header Ads

  • Breaking News

    സൂപ്പര്‍ ഫാസ്റ്റിലും കുറഞ്ഞ ചെലവ്, എസി യാത്രയ്ക്ക് ഇനി കെഎസ്‌ആര്‍ടിസി ജനത ബസ്; മിനിമം ചാര്‍ജ് 20 രൂപ



    തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു കാലമായി കേരളത്തിന്‍റെ പൊതുഗതാഗത രംഗത്ത് നൂതനമായ പല മാറ്റങ്ങളും കെഎസ്‌ആര്‍ടിസി കൊണ്ടുവന്നിട്ടുണ്ട്.

    ദീര്‍ഘദൂര യാത്രകള്‍ക്കായി സ്വിഫ്ഫ് സീറ്റര്‍ കം സ്ലീപ്പര്‍ ബസ് സര്‍വീസുകള്‍ക്കു ശേഷം ഇപ്പോഴിതാ ജനത ബസ് സര്‍വീസ് വരികയാണ്. എസി ബസില്‍ താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സാധാരണക്കാര്‍ക്കും യാത്ര ചെയ്യാൻ അവസരം നല്കുന്ന കെഎസ്‌ആര്‍ടിസി ജനത ബസ് സര്‍വീസിന് തിങ്കളാഴ്ച തുടക്കമാകും.

    ഒരു ജില്ലയില്‍ നിന്നും അടുത്ത ജില്ലയിലേക്ക് ആരംഭിക്കുന്ന ജനത ബസ് സര്‍വീസ് തൊട്ടടുത്തുള്ള രണ്ട് ജില്ലാ ആസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാവും സര്‍വീസ് നടത്തുക. എസി ലോ ഫ്ലോർ ബസുകളിലാണ് ജനതാ സര്‍വീസ് ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം-കൊല്ലം ജില്ലകളെ ബന്ധിപ്പിച്ചാണ് ജനത സര്‍വീസുകള്‍ ഉണ്ടായിരിക്കുക. യാത്രക്കാരുടെ പ്രതികരണം അനുസരിച്ച്‌ കൂടുതല്‍ ബസുകള്‍ ആവശ്യമെങ്കില്‍ തുടര്‍ന്ന് നിരത്തിലിറക്കാനാണ് തീരുമാനം.

    കെ എസ് ആര്‍ ടി സി ഓര്‍ഡിനറി സര്‍വീസുകള്‍ ഓരോ ഡിപ്പോയും കേന്ദ്രീകരിച്ച്‌ ബൈ റൂട്ടുകളില്‍ നിന്നും ഡിപ്പോകളില്‍എത്തിക്കുന്ന യാത്രക്കാര്‍ക്ക് പ്രധാന ഡിപ്പോകളുടെ ഇടയ്ക്കുള്ള സ്റ്റോപ്പുകളില്‍ ഇറങ്ങുന്നതിനും ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് സഞ്ചരിക്കുന്നതിനും സഹായകരമാണ് ജനതാ സര്‍വീസ്.

    ഫാസ്റ്റ് പാസഞ്ചറിനും സൂപ്പര്‍ ഫാസ്റ്റ് ബസിനും ഇടയിലുള്ള ടിക്കറ്റ് നിരക്കാണ് ജനത ബസിന്‍റെ നിരക്ക്. അതനുസരിച്ച്‌ ജനത ബസുകളുടെ ടിക്കറ്റ് നിരക്ക് 20 രൂപയില്‍ ആരംഭിക്കും. കിലോമീറ്ററിന് 108 പൈസ നിരക്കിലാണ് ചാര്‍ജ് വരിക. സൂപ്പര്‍ ഫാസ്റ്റ് ബസിന് 22 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്. ഫാസ്റ്റ് പാസഞ്ചറിൻ്റെ സ്റ്റോപ്പുകളിലെല്ലാം ജനത സര്‍വീസിനും സ്റ്റോപ്പ് ഉണ്ടായിരിക്കും.

    കൊല്ലം- തിരുവനന്തപുരം, കൊട്ടാരക്കര- തിരുവനന്തപുരം എന്നീ റൂട്ടുകളിലാണ് ആദ്യ സര്‍വീസുകള്‍. ഒരു ദിവസം നാല് ട്രിപ്പുകള്‍ നടത്തും.

    തിങ്കളാഴ്ച മുതല്‍ രാവിലെ 7.15 ന് കൊല്ലത്ത് നിന്നും കൊട്ടാരക്കരയില്‍ നിന്നും ജനത ബസ് സര്‍വീസ് ആരംഭിക്കും. ഒൻപതരയോടു കൂടി സെക്രട്ടറിയേറ്റ് പരിസരത്ത് എത്തും. വൈകുന്നേരം 4.45 ന് തബാനൂരില്‍ നിന്ന് വിമെൻസ് കോളേജ്, ബേക്കറി ജംഗ്ഷൻ വഴി കന്റോണ്‍മെൻറ്‌ റോഡ് സെക്രട്ടറിയറ്റില്‍ എത്തും. വൈകിട്ട് അഞ്ചിന് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്ന വിധത്തിലാണ് സമയക്രമം.


    No comments

    Post Top Ad

    Post Bottom Ad