കേരളത്തിൽ വീണ്ടും നിപ ഭീതി, 2 അസ്വാഭാവിക മരണങ്ങൾ, നാല് പേരിൽ ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം നിപ ഭീതി ഉയർന്നതോടെ പരിശോധനാ ഫലത്തിനായി കാത്ത് കേരളം. പ്രധാനമായും രണ്ടാമത് മരിച്ചയാളുടെയും ഇപ്പോൾ ഗുരുതര നിലയിലുള്ള വയസുകാരനായ ഒരു ആൺകുട്ടിയുടെയും പരിശോധനാ ഫലത്തിനായാണ് കാത്തിരിക്കുന്നത്. ഇവ രണ്ടും ലഭിച്ചാൽ മാത്രമേ നിപ വീണ്ടും എത്തിയതായി സ്ഥിരീകരിക്കാനാവൂ. സമാനമായ ലക്ഷണങ്ങളോടെ രണ്ട് പേർ മരിച്ചതോടെയാണ് നിപയാണെന്ന് സംശയം ഉടലെടുത്തത്.
പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങിയത്. ആദ്യ മരണം ഓഗസ്റ്റ് 30 ന് ആയിരുന്നു. എന്നാൽ, നിപ ആണെന്ന സംശയങ്ങൾ ഒന്നും ആ സമയം ഉണ്ടായിരുന്നില്ല. ന്യൂമോണിയ ആണ് മരണ കാരണമെന്നാണ് കരുതിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തിൽ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
എന്നാൽ, ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാൻ എത്തിയ ആൾക്ക് സമാനമായ രോഗലക്ഷണം കണ്ടെത്തിയത്. ഏറെ വൈകാതെ ഈ രോഗിയും മരിച്ചതോടെയാണ് ആരോഗ്യ വിഭാഗത്തിന് സംശയങ്ങൾ തോന്നിയത്. അപ്പോഴേക്കും ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേർക്ക് കൂടി രോഗലക്ഷണങ്ങൾ തുടങ്ങിയിരുന്നു. ഇതോടെയാണ് നിപയായിരിക്കാമെന്ന സംശയം ബലപ്പെട്ടു. എന്നാൽ, അപ്പോഴേക്കും ആദ്യത്തെയാളുടെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞിരുന്നു.
മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹത്തിൽ നിന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ ഫലത്തിനായാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് കാത്തിരിക്കുന്നത്. മരിച്ച ആദ്യത്തെയാളുടെ മക്കളും സഹോദരി ഭർത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ ഒൻപത് വയസുകാരനായ ഒരു ആൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഈ കുട്ടിയുടെ സ്രവ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലം വന്നാൽ മാത്രമേ മരണകാരണം നിപ തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂ. മുൻകരുതൽ എന്ന നിലയിലാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ ജാഗ്രത നിർദേശം നൽകിയത്.
No comments
Post a Comment