Header Ads

  • Breaking News

    മാലിന്യമുക്ത നവകേരളം: ഒക്ടോബര്‍ ഒന്ന് മുതല്‍ ജനുവരി 31 വരെ ശുചീകരണ പരിപാടികള്‍




    കണ്ണൂർ: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നു മുതല്‍ ജനുവരി 31 വരെ ജില്ലയില്‍ വിവിധ ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയിലെ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ വിശദീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ ഒന്നിന് തദ്ദേശ സ്ഥാപനങ്ങളില്‍ ‘ഒരൊറ്റ ദിവസം ഒരൊറ്റ മണിക്കൂര്‍ പരിപാടി ജില്ലയില്‍ രണ്ടായിരത്തോളം കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ട് മുതല്‍ 10 വരെ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

    ഹരിത കര്‍മസേനകളുടെ യൂസര്‍ ഫീ ശേഖരണം 80 ശതമാനത്തിനു മുകളിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. 100 ലധികം പേര്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമാക്കാനും യോഗം നിര്‍ദ്ദേശിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മാലിന്യ നിര്‍മാര്‍ജ്ജന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. നവംബര്‍ 14 ന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഹരിത സഭകള്‍ സംഘടിപ്പിക്കും. നവംബര്‍ ഒന്ന് മുതല്‍ 10 വരെ ഹരിത ഗ്രാമസഭകള്‍ ചേരും. പ്രവര്‍ത്തന കലണ്ടര്‍ ആവിഷ്‌കരിച്ചാണ് ജനുവരി വരെ നീളുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. യോഗത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


    No comments

    Post Top Ad

    Post Bottom Ad