Header Ads

  • Breaking News

    ഓപ്പണര്‍മാര്‍ മിന്നി;ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം




    മോഹലി :
    ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഉജ്വല വിജയം നേടി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കംഗാരുപ്പട ഉയര്‍ത്തി 277 റണ്‍സ് വിജയലക്ഷ്യം 48.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 74 റണ്‍സ് എടുത്ത ശുഭ്മാന്‍ ഗില്ലും 71 റണ്‍സ് എടുത്ത

    ഋതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കം ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറ പാകി. വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.

    ആദ്യ വിക്കറ്റില്‍ ഇരുവരും 142 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഋതുരാജിനെ പുറത്താക്കി ആദം സാംപ കൂട്ടുകെട്ട് പൊളിച്ചു. 77 പന്തില്‍ 71 റണ്‍സെടുത്ത താരത്തെ സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ വന്ന ശ്രേയസ് അയ്യര്‍ റണ്‍ ഔട്ടായി. വെറും മൂന്ന് റണ്‍സ് മാത്രമാണ് ശ്രേയസ് അയ്യര്‍ക്ക് നേടാനയത്.

    സ്‌കോര്‍ 150 കടന്നതിന് പിന്നാലെ ഗില്ലും പുറത്തായി. 63 പന്തില്‍ 74 റണ്‍സെടുത്ത ഗില്ലിനെ ആദം സാംപ ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ ഇന്ത്യന്‍ നിരയുടെ നില പരുങ്ങലിലായി. പിന്നാലെ വന്ന ഇഷാന്‍ കിഷനും പരാജയപ്പെട്ടു. 18 റണ്‍സെടുത്ത താരത്തെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. ഇതോടെ ഇന്ത്യ 185 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച നായകന്‍ കെ.എല്‍.രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 250 കടത്തി.

    പിന്നാല സൂര്യകുമാര്‍ അര്‍ധസെഞ്ചുറി നേടി. 47 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകത്തിലെത്തിയത്. എന്നാല്‍ അര്‍ധശതകത്തിന് പിന്നാലെ താരം അനാവശ്യഷോട്ട് കളിച്ച് പുറത്തായി. സീന്‍ അബോട്ടാണ് 50 റണ്‍സെടുത്ത സൂര്യകുമാറിനെ പുറത്താക്കിയത്. പിന്നാലെ വന്ന ജഡേജയെ സാക്ഷിയാക്കി രാഹുല്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. തൊട്ടടുത്ത പന്തില്‍ സിക്‌സടിച്ച് താരം ഇന്ത്യയെ വിജയത്തിലെത്തിച്ചു. രാഹുല്‍ 63 പന്തില്‍ 58 റണ്‍സെടുത്തും ജഡേജ മൂന്ന് റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

    ഓസീസിനായി ആദം സാംപ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സീന്‍ അബോട്ട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 276 റണ്‍സിന് ഓള്‍ ഔട്ടായി. മുഹമ്മദ് ഷമിയുടെ 5 വിക്കറ്റ് പ്രകടനം ഇന്ത്യന്‍ ബോളിങ്ങില്‍ നിര്‍ണായകമായി. ബുമ്ര, അശ്വിന്‍, ജഡേജ എന്നിവര്‍ ഇന്ത്യക്കായി ഓരോ വിക്കറ്റ് വീതം നേടി.

    53 പന്തിൽ 52 റൺസ് നേടിയ ഡേവിഡ് വർണറാണ് ഓസിസ് നിരയിലെ ടോപ് സ്കോറർ. സ്റ്റീവ് സ്മിത്ത് (60 പന്തിൽ 41), ജോഷ് ഇംഗ്‌ലിസ് (45 പന്തിൽ 45) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.

    മിച്ചൽ മാർഷ് (4), മാർനസ് ലബുഷെയ്ൻ (39), കാമറൂണ്‍ ഗ്രീൻ (31), മാർക്കസ് സ്റ്റോയിനിസ് (29), മാറ്റ് ഷോർട്ട് (2), പാറ്റ് കമിൻസ് (21), സീൻ ആബട്ട് (2), ആദം സാംപ (2) എന്നിങ്ങനെയാണ് മറ്റ് ഓസ്ട്രേലിയന്‍ താരങ്ങളുടെ സംഭാവന.


    No comments

    Post Top Ad

    Post Bottom Ad