ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണം ഇന്ന്; ഗുരുസ്മൃതിയില്‍ കേരളം
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ പ്രകാശ സ്തംഭമായ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. ജീര്‍ണ്ണിച്ച ജാതിമതാന്ധതകള്‍ക്കെതിരായ പോരാട്ടത്തിന്റെ ഏതു കാലത്തും ഗുരു ദര്‍ശനങ്ങളാണ് നമ്മുടെ വഴികാട്ടി.
1888- മാര്‍ച്ചുമാസത്തിലെ ശിവരാത്രി നാളില്‍ നെയ്യാര്‍ തീരത്തെ അരുവിപ്പുറത്തു നിന്നു തുടങ്ങുന്നു നാരായണ ഗുരുവിന്റെ സാമൂഹ്യവിപ്ലവം. നെയ്യാറിന്റെ ആഴങ്ങളില്‍ നിന്ന് ഗുരു മുങ്ങിയെടുത്ത് പ്രതിഷ്ഠിച്ച ശിവശില പിന്നീട് നവോത്ഥാന രാഷ്ട്രീയ കേരളത്തിന്റെ അടിസ്ഥാനശില തന്നെയായി.
അരുവിപ്പുറത്തെ ശിലാഫലകത്തില്‍ ഗുരു പതിച്ച, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്ന ദര്‍ശനത്തിന്റെ സാക്ഷാത്കാരം തന്നെയാണ് ഒരര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണഘടന പോലും.
കേരളമങ്ങോളമിങ്ങോളവും കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും പടര്‍ന്ന നാരായണഗുരുവിന്റെ പ്രതിഷ്ഠാ വിപ്ലവം കല്ലായും കണ്ണാടിയായും കെടാവിളക്കായും നൂറ്റാണ്ടുകളുടെ ജാതിമതാന്ധതകളെ കടപുഴക്കിയെറിഞ്ഞെങ്കിലും, ആ ദൗത്യത്തിനപ്പുറം അതിനെയും അതിവര്‍ത്തിക്കുന്ന പ്രഖ്യാപനങ്ങളിലേക്കും ഗുരു കടന്നു-
നമുക്കിനി ദേവാലയങ്ങള്‍ വേണ്ട.
വിദ്യാലയങ്ങള്‍ മതി.
നമുക്ക് ജാതിയില്ല, മതവുമില്ല.
അതുകൊണ്ട് ആധുനികരില്‍ ആധുനികനായ ഗുരു 1916-ല്‍ എസ്‌എന്‍ഡിപി വിടുകയാണെന്ന് പറഞ്ഞ് ഡോ. പല്‍പ്പുവിനെഴുതിയ കത്തില്‍ തറപ്പിച്ചു തന്നെ പറഞ്ഞു.
മുന്‍പേ തന്നെ മനസ്സില്‍ നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നുകൂടി വിട്ടിരിക്കുന്നുവെന്ന്.
എന്നാല്‍ വാക്കില്‍നിന്നും പ്രവൃത്തിയില്‍ നിന്നും ജാതിചിന്തകള്‍ വിട്ടിട്ടില്ല ഇപ്പോഴും ചില ഛിദ്രശക്തികളെന്നാണ് മന്ത്രി കെ രാധാകൃഷ്ണനുണ്ടായ ദുരനുഭവം അടിവരയിടുന്നത്. അതും നാരായണഗുരുവിന്റെ അവസാനത്തെ ശിഷ്യനായ സ്വാമി ആനന്ദതീര്‍ത്ഥരുടെ നാട്ടില്‍ നിന്നുമാകുമ്ബോള്‍ അവസാനത്തെ ജാതിനശീകരണ പോരാട്ടമാകട്ടേ ഈ ഗുരു ദിനത്തിന്റെ ആഹ്വാനം.
No comments
Post a Comment