Header Ads

  • Breaking News

    ഇവിടെ മാലിന്യം തള്ളൽ ക്യാമറയ്ക്കുതാഴെ




    പഴയങ്ങാടി: ഏഴോം പഞ്ചായത്ത് പഴയങ്ങാടി പുഴയോരത്തും മറ്റിടങ്ങളിലുമായി സ്ഥാപിച്ച ക്യാമറകൾക്കും മുന്നറിയിപ്പ് ബോർഡുകൾക്കും പുല്ലുവില കൽപ്പിച്ച് പുഴയോരങ്ങളിൽ വലിയതോതിൽ മാലിന്യങ്ങൾ തള്ളുന്നു.

    മുന്നറിയിപ്പ് ബോർഡും ക്യാമറയും സ്ഥാപിച്ചതിന്റെ 50 മീറ്റർ, 100 മീറ്റർ അകലങ്ങളിലായി അഞ്ചിടങ്ങളിലാണ് പ്ലാസ്റ്റിക് ചാക്കുകളിലാക്കി മാലിന്യങ്ങൾ തള്ളിയിട്ടുള്ളത്. ആശുപത്രി മാലിന്യങ്ങളുൾപ്പെടെയുള്ളവ തള്ളിയിട്ടുണ്ട്.

    സ്മാർട്ട് ഐ പദ്ധതിവഴി പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ബാധകമല്ലെന്ന രീതിയിലാണ് ചാക്കുകളിൽ മാലിന്യം കൊണ്ടിടുന്നത്. പഴയങ്ങാടി പുഴയെ മാലിന്യമുക്തമാക്കാൻ പലതവണ വിവിധ സംഘടനകളും വിദ്യാർഥികളും ചേർന്ന് ശുചീകരണം നടത്തിയിട്ടുണ്ട്.

    എന്നാൽ അതിനുപിന്നാലെ സമൂഹവിരുദ്ധർ തള്ളലും തുടരുന്നു.

    പുഴയിൽ മാലിന്യമെത്തുന്നത് മീനുകളെയും അത് കഴിക്കുന്നവരെയും ബാധിക്കും. സമീപത്ത് താമസിക്കുന്ന അഞ്ചുപേർ മാരക രോഗത്താൽ വലിയ പ്രയാസമനുഭവിക്കുകയാണ്. ഇവരുടെ ചികിത്സാച്ചെലവിനു പണം കണ്ടെത്താൻ കമ്മിറ്റിക്കാർ നെട്ടോട്ടമോടുകയാണ്.

    പുഴയിലും മറ്റുമായി അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്ക് വലിയ ശിക്ഷ ഉറപ്പാക്കുമെന്നു പറയുന്നതല്ലാതെ നടപ്പാക്കുന്നുമില്ല. ജനങ്ങളുടെ ആരോഗ്യത്തിന് തന്നെ ഭീഷണിയാകുംവിധം വാഹനങ്ങളിൽ ചാക്കുകെട്ടുകളിലായി മാലിന്യം കൊണ്ടിടുന്നവരിൽനിന്ന് വലിയ പിഴ ഈടാക്കുകയും ഇത്തരം വാഹനങ്ങളെ കണ്ടുകെട്ടുകയും വേണമെന്ന ആവശ്യം ശക്തമാണ്.

    No comments

    Post Top Ad

    Post Bottom Ad