അമിതവേഗമെന്ന് പരാതി; പേടിയെങ്കിൽ ഇറങ്ങിപ്പോകാൻ യാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ
സ്വകാര്യബസിന്റെ അമിതവേഗത ചോദ്യം ചെയ്ത യാത്രക്കാരായ യുവഡോക്ട്ടർമാരോട് ബസ്സിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് ബസ് ജീവനക്കാർ. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുന്ന കെ.എല്‍ 08 ബി.സി 6606 നമ്പര്‍ ബ്ലൂറേ എന്ന ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസ്സിലായിരുന്നു സംഭവം. ബസ്സിന് അമിതവേഗം ആണെന്നും വേഗത കുറയ്ക്കണമെന്നും ആവശ്യപ്പെട്ട യാത്രക്കാരോട് പേടിയാണെങ്കിൽ ഇറങ്ങിപ്പോകാനായിരുന്നു ബസ്സ് ജീവനക്കാരുടെ മറുപടി. പരിഭ്രാന്തരായ വനിതകൾ ഉൾപ്പെടുന്ന യാത്രക്കാർ പാതിവഴിയിൽ യാത്ര ഉപേക്ഷിച്ചു. ശേഷം കെഎസ്ആർടിസി ബസ്സിൽ യാത്ര തുടരുകയും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തു.അമിതവേഗത്തിലും അപകടകരമായ രീതിയിലുമായിരുന്നു ബസ്സിന്റെ യാത്ര. മുന്നിൽ പോയിരുന്ന കെഎസ്ആർടിസി ബസ്സിനെ മറികടക്കാനായിരുന്നു അപകടകരമായ രീതിയിലുള്ള ഈ ബസ്സ് യാത്ര. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ വേഗത കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ കേട്ടില്ല. സമയം കുറവാണെന്നും, അല്ലാത്തവർ ബസിൽ നിന്നും ഇറങ്ങിപ്പോകണം എന്നുമായിരുന്നു ഡ്രൈവറുടെ മറുപടി. ഇതോടെ കോഴിക്കോട് നിന്നും കോട്ടക്കലിലേക്ക് ടിക്കറ്റെടുത്ത ഇരുവരും പടിക്കലെത്തിയപ്പോഴേക്കും യാത്ര ഉപേക്ഷിച്ച് ഇറങ്ങി.തുടർന്ന് ഇരുവരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടർപരിശോധനയിൽ എ.എം.വി.ഐമാരായ വി. വിജീഷ്, പി. ബോണി എന്നിവരുടെ നേതൃത്വത്തിൽ ചങ്കുവെട്ടിയിൽ ബസ് പിടികൂടി. അമിതവേഗതക്കും അശ്രദ്ധമായി വാഹനം ഓടിച്ചതിനും ഡ്രൈവർക്കെതിരെ കേസെടുത്തു. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ജില്ലാ ആർ.ടി.ഓ.യ്ക്ക് ശുപാർശയും നൽകി
No comments
Post a Comment