വൃത്തിയാക്കി, വൃത്തികേടാക്കി പയ്യാമ്പലം ബീച്ച്
കണ്ണൂർ : കടലുകണ്ട് സായാഹ്നം ആസ്വദിക്കാമെന്നും കുറച്ചുനേരം സ്വസ്ഥമായി ഇരിക്കാമെന്നും കരുതി പയ്യാമ്പലത്ത് എത്തിയവരാണെങ്കിൽ നല്ല കാഴ്ചകൾ മാത്രം കണ്ട് സുഖിക്കാമെന്ന് കരുതണ്ട. നടപ്പാതയോടുചേർന്നുള്ള ചില ‘ഉണങ്ങിയ’ കാഴ്ചകളും കാണണം. ബീച്ചിലെ കാട് വെട്ടിത്തെളിച്ചുള്ള അവശിഷ്ടങ്ങളായ ഉണങ്ങിയ ചെടികളും കമ്പുകളും മാലിന്യവുമെല്ലാം നീക്കം ചെയ്യാതെ ഇട്ടിരിക്കുന്നതാണ് ഇപ്പോൾ പയ്യാമ്പലത്തെ കാഴ്ച.
മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ എത്തിച്ച് കാട് നീക്കം ചെയ്തിട്ട് രണ്ടാഴ്ചയോളമായി. ഇപ്പോൾ ബീച്ചിന്റെ സൗന്ദര്യവും പോയി കാഴ്ചയ്ക്ക് അലോസരവുമായി എന്നാണ് സന്ദർശകരുടെ പരാതി. വൃത്തിയാക്കി രണ്ടാഴ്ചയോളമായിട്ടും അവശിഷ്ടം നീക്കം ചെയ്യാൻ അധികൃതർക്ക് സമയം കിട്ടിയില്ലേയെന്ന് ആക്ഷേപവുമുണ്ട്.
ബീച്ചിൽ നടപ്പാതയ്ക്ക് സമാന്തരമായാണ് കാട് വെട്ടിയത്. വെട്ടിക്കൂട്ടിയ പുല്ലും കാടും മരത്തൈകളുമെല്ലാം പലഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ് ഇപ്പോൾ.
ഇതിനിടയിലൂടെവേണം നടപ്പാതയിൽ നിന്ന് ബീച്ചിലേക്ക് ഇറങ്ങാനും കയറാനുമെല്ലാം. കാടുവെട്ടിയ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതും കൂടിയിട്ടുണ്ട്.കുടുംബശ്രീ പ്രവർത്തകരാണ് പയ്യാമ്പലം ബീച്ചും പരിസരവും വൃത്തിയാക്കുന്നത്.
ആദ്യം കാട് പ്രശ്നം, ഇപ്പോൾ വെട്ടിയതും പ്രശ്നം
ഇത്രയുംകാലം കാടായിരുന്നു പയ്യാമ്പലത്തെ പ്രശ്നമെങ്കിൽ ഇപ്പോൾ കാട് വെട്ടിയതാണ് പ്രശ്നമെന്ന് സന്ദർശകരും നാട്ടുകാരും പറയുന്നു. അതേസമയം, നടപ്പാത തീരുന്നിടത്ത് കാടുവെട്ടലും അവസാനിച്ചിട്ടുണ്ട്. നടപ്പാതയുടെ അവസാനം മുതൽ പള്ളിയാംമൂല വരെയുള്ള ഭാഗത്ത് ഇപ്പോഴും കാടാണ്. അണലി ഉൾപ്പെടെ പാമ്പുകളും മറ്റു ഇഴജന്തുക്കളും വ്യാപകമായതോടെയാണ് കളക്ടറുടെ നിർദേശത്തിൽ ബീച്ചിലെ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കിയത്.
എന്നാൽ കാട് വെട്ടിയതിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്യാത്തതിനാൽ ഇതിനിടയിൽ ഇഴജന്തുക്കൾ ഉണ്ടാകുമോയെന്ന ഭയവും സന്ദർശകർക്കുണ്ട്. കടലേറ്റം രൂക്ഷമാകുമ്പോൾ തിരമാലയെത്തി കൂട്ടിയിട്ട ഉണങ്ങിയ പുല്ലും കമ്പുകളും മാലിന്യവുമെല്ലാം ചിതറി തീരമാകെ അലങ്കോലമാകുന്നുമുണ്ട്.
ദിവസേന ആയിരക്കണക്കിന് സന്ദർശകരെത്തുന്ന ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് പയ്യാമ്പലം.
ആഭ്യന്തര, വിദേശ സഞ്ചാരികളെ വിനോദസഞ്ചാര മേഖലയിലേക്ക് ആകർഷിക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴാണ് പയ്യാമ്പലത്തെ കാടുവെട്ടൽ.
No comments
Post a Comment